വ്യാഴാഴ്ച രാവിലെ ഒറോറയില്‍ അജ്ഞാതന്‍ അതിക്രമിച്ച് വീട്ടില്‍ കയറി ആക്രമണം നടത്തിയതിനെ തുടര്‍ന്ന് പൊതുസുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് യോര്‍ക്ക് റീജിയണല്‍ പോലീസ്. മുറെ ഡ്രൈവ്, കെന്നഡി സ്ട്രീറ്റിലുള്ള വീട്ടില്‍ രാവിലെ 11.20 ഓടെ മുഖംമൂടി ധരിച്ച ഒരാളാണ് അതിക്രമിച്ച് കയറിയതെന്ന് പോലീസ് പറഞ്ഞു. സ്ത്രീയുള്‍പ്പെടെ രണ്ട് പേരാണ് വീട്ടില്‍ ഉണ്ടായിരുന്നത്. അകത്ത് കടന്ന പ്രതിയെ തടയാന്‍ ശ്രമിച്ചെങ്കിലും ഇവരെ പ്രതി ആക്രമിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ വീട്ടുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അക്രമത്തിന് ശേഷം പ്രതി വീട്ടില്‍ നിന്നും ഓടിരക്ഷപ്പെട്ടു. എന്നാല്‍ വീട്ടില്‍ നിന്നും വിലപിടിപ്പുള്ള വസ്തുക്കളോ മറ്റോ മോഷ്ടിച്ചിട്ടില്ലെന്നും പ്രതി വീട്ടുകാരോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും പോലീസ് പറഞ്ഞു. പ്രതിയെന്ന് സംശയിക്കുന്നയാള്‍ വെളുത്ത വര്‍ഗക്കാരനാണ്. ഏകദേശം 20 നും 30 നും ഇടയില്‍ പ്രായം തോന്നിക്കുന്നയാളാണെന്നും പോലീസ് പറഞ്ഞു. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചതായി പോലീസ് പറഞ്ഞു. ആര്‍ക്കെങ്കിലും എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.