ജർമ്മനിയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി വിദ്യാർത്ഥിനിയുടെ മൃതദേഹം ഇന്ന് നാട്ടിൽ എത്തിക്കും

By: 600007 On: Mar 6, 2025, 4:11 PM

 

 

കോഴിക്കോട്: അസുഖ ബാധിതയായതിനെ തുടര്‍ന്ന് ജര്‍മ്മനിയില്‍ മരിച്ച വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും. കോഴിക്കോട് കുറ്റ്യാടി ചക്കിട്ടപ്പാറ സ്വദേശിനി ഡോണ ദേവസ്യ പേഴത്തുങ്കല്‍(25) ആണ് ജര്‍മ്മനിയിലെ ന്യൂറംബര്‍ഗില്‍ താമസ സ്ഥലത്ത് മരിച്ചത്. വൈഡന്‍ യൂണിവേഴ്‌സിറ്റിയില്‍ ഇന്റര്‍നാഷണല്‍ മാനേജ്‌മെന്റ് വിഷയത്തില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന ഡോണ പഠനത്തിനായി രണ്ട് വര്‍ഷം മുന്‍പാണ് ജര്‍മ്മനിയില്‍ എത്തിയത്. 

കഴിഞ്ഞ ഫെബ്രുവരി 26നാണ് താമസ സ്ഥലത്തെ മുറിയില്‍ ഡോണയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിന് രണ്ട് ദിവസം മുമ്പ് ഡോണക്ക് പനിയുണ്ടായിരുന്നെന്ന് സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു. തുടർന്ന് പോസ്റ്റുമോർട്ടത്തിന് ശേഷമാണ് അസുഖബാധയെത്തുടർന്നാണ് വിദ്യാർഥിനി മരിച്ചതെന്ന് കണ്ടെത്തിയത്

ജര്‍മനിയിലെ പൊലീസ് നടപടികള്‍ക്ക് ശേഷമാണ് മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോരാനായത്. ഇന്ന് രാത്രി എട്ട് മണിയോടെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കും. തുടര്‍ന്ന് നാളെ രാവിലെ എട്ട് മണിയോടെ കുറ്റ്യാടിയിലെ വീട്ടില്‍ എത്തിച്ച് ശുശ്രൂഷകള്‍ക്ക് ശേഷം പതിനൊന്നോടെ പള്ളിസെമിത്തേരിയില്‍ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. പേഴത്തിങ്കല്‍ ദേവസ്യ-മോളി ദമ്പതികളുടെ മകളാണ് ഡോണ.