ചെലവ് താങ്ങുന്നില്ല; കുടിയേറ്റക്കാരെ സൈനിക വിമാനത്തിൽ എത്തിക്കുന്നത് യുഎസ് നിർത്തിയെന്ന് റിപ്പോർട്ട്

By: 600007 On: Mar 6, 2025, 3:58 PM

 

 

വാഷിങ്ടണ്‍: അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനത്തിൽ നാടുകടത്തുന്നത് അവസാനിപ്പിച്ച് അമേരിക്ക. ഉയർന്ന ചെലവ് കണക്കാക്കിയാണ് കുടിയേറ്റക്കാരെ സൈനിക വിമാനത്തിൽ കയറ്റിവിടുന്നത് നിർത്തലാക്കിയത്. ഉയർന്ന ചെലവ് വിദ​ഗ്ധർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.  മാര്‍ച്ച് ഒന്നിനാണ് അനധികൃത കുടിയേറ്റക്കാരെയും കയറ്റിയുള്ള വിമാനം അവസാനമായി അമേരിക്കയില്‍ നിന്ന് പോയതെന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് വിമാനങ്ങൾ പുറപ്പെട്ടില്ലെന്നും ഉയർന്ന് ചെലവ് കാരണം നിർത്തിവെച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. 

യു.എസ് സർക്കാരിന്റെ കണക്കുകളനുസരിച്ച് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് വിമാനങ്ങൾക്ക് മണിക്കൂറിന് 7.40 ലക്ഷം രൂപയാണ് യാത്രക്ക് ചെലവാകുക. എന്നാൽ, ഡബ്ലു.എസ്.ജെ. റിപ്പോർട്ട് പ്രകാരം അന്താരാഷ്ട്ര യാത്രകൾക്ക് മണിക്കൂറിന് 14.81 ലക്ഷം രൂപ ചെലവാകും. എന്നാൽ, സി17 സൈനിക വിമാനത്തിന് മണിക്കൂറിൽ 24.83 ലക്ഷം രൂപ ചെലവാകും. അങ്ങനെയെങ്കിൽ കോടിക്കണക്കിന് രൂപ ഒറ്റ യാത്രക്ക് തന്നെ ചെലവാകും. അമേരിക്കയുടെ റിപ്പോർട്ട് അനുസരിച്ച് ലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാരാണ് രാജ്യത്തുള്ളത്. ഇവരെ മൊത്തം കണ്ടെത്തി വിമാനങ്ങളിൽ കയറ്റി അയക്കുന്നത് ഭീമമായ ചെലവുണ്ടാക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. 

കുടിയേറ്റക്കാരെ സ്വന്തം രാജ്യത്ത് എത്തിക്കുന്നതിനായി സൈനിക വിമാനമാണ് ഉപയോഗിച്ചിരുന്നത്. അനധികൃത കുടിയേറ്റങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികാരത്തിലേറും മുമ്പേ ട്രംപ് പറഞ്ഞിരുന്നു. തുടർന്നാണ് നടപടി. ഇന്ത്യക്ക് പുറമെ, മെക്സിക്കോ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലേക്കും ട്രംപ് വിമാനം അയച്ചു. ഇന്ത്യയിലേക്ക് സൈനികവാഹനത്തിൽ മൂന്ന് തവണയാണ് അനധികൃത കുടിയേറ്റക്കാരെ എത്തിച്ചത്. ഓരോ യാത്രയ്ക്കും ചെലവായത് 26.12 കോടി രൂപ ചെലവായെന്നാണ് കണക്ക്. ഇന്ത്യയിലേക്കു മാത്രം, 78.36 കോടി രൂപയാണ് ചെലവായത്. ഇന്ത്യ, പെറു, ഗ്വാട്ടിമല, ഹോണ്ടുറാസ്, പനാമ, ഇക്വഡോര്‍, ഗ്വാണ്ടനാമോ ബേ തുടങ്ങിയ സ്ഥാലങ്ങളിലേക്കാണ് അമേരിക്കൻ സൈനിക വിമാനങ്ങൾ സർവീസ് നടത്തിയത്.