വ്യാജ ജി ഐ സി വെബ്സൈറ്റിൽ ക്ലിക്ക് ചെയ്ത നിരവധി പേർക്ക് പണം നഷ്ടമായതായി റിപ്പോർട്ടുകൾ. ഒൻ്റാരിയോയിലും ആൽബെർട്ടയിലുമാണ് കൂടുതൽ പേർ തട്ടിപ്പിന് ഇരകളായത്.
വ്യാജ വെബ്‌സൈറ്റിൽ ക്ലിക്ക് ചെയ്‌ത് നിക്ഷേപ തട്ടിപ്പിൽ 750,000 ഡോളർ നഷ്ടപ്പെട്ടെന്ന് ഓക്ക്‌വില്ലെ സ്വദേശി സിടിവി ന്യൂസിനോട് പറഞ്ഞിരുന്നു. മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന സ്ഥാപനത്തെ ഗൂഗിളിലൂടെയാണ് കണ്ടെത്തിയത്. എന്നാൽ പണം കൈമാറിക്കഴിഞ്ഞ ശേഷമാണ് തട്ടിപ്പാണെന്ന് മനിസ്സിലായത്. ഇത്രയും വലിയ തുക ട്രാൻസ്ഫർ ചെയ്യുമ്പോൾ പണം സ്വീകരിക്കുന്ന സ്ഥാപനം തട്ടിപ്പല്ലെന്ന് ഉറപ്പ് വരുത്തേണ്ടത് ബാങ്കുകളുടെ കൂടി ഉത്തരവാദിത്തമാണെന്ന് ഇയാൾ പറയുന്നു. തട്ടിപ്പ് കണ്ടെത്തിയില്ലെങ്കിൽ ബാങ്കുകൾ ഉപഭോക്താവിന് പണം തിരികെ നൽകണമെന്ന ആവശ്യവും ചിലർ ഉന്നയിക്കുന്നുണ്ട്.
തട്ടിപ്പുകൾ തടയാനും അതിനെതിരെ ജാഗ്രത സ്വീകരിക്കുന്നതിനുമായി ബാങ്കുകൾ അവരുടെ സംവിധാനങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്നാണ് കനേഡിയൻ ബാങ്കിംഗ് അസോസിയേഷൻ്റെ നിലപാട്. എന്നാൽ പല കേസുകളിലും, തട്ടിപ്പുകാർ പുതിയ തന്ത്രങ്ങളാണ് ഉപയോഗിക്കുന്നതെന്ന് കനേഡിയൻ ബാങ്കിംഗ് അസോസിയേഷൻ പറയുന്നു. ബാങ്ക് ഉപഭോക്താക്കൾ ഇടപാടുകൾ നടത്തുമ്പോൾ ജാഗ്രത പാലിക്കണമെന്നും ബാങ്കിംഗ് അസോസിയേഷൻ നിർദ്ദേശിച്ചു