താരിഫുകൾ കാരണം ഒൻ്റാരിയോയിലെ ഭവന, വാഹന ഇൻഷുറൻസ് പ്രീമിയങ്ങൾ വർദ്ധിച്ചേക്കാമെന്ന് റിപ്പോർട്ട്. ഡിജിറ്റൽ ഇൻഷുറൻസ് മാർക്കറ്റ്പ്ലേസ് ആയ RATESDOTCA ആണ് ഈ വിവരം പുറത്തു വിട്ടത്.
മാർച്ച് 12 മുതൽ സ്റ്റീലിന് 25 ശതമാനം താരിഫ് പ്രാബല്യത്തിൽ വരുന്നതോടെ, ഓട്ടോമോട്ടീവ് മേഖലയിലും നിർമ്മാണ രംഗത്തും ഇതിൻ്റെ പ്രത്യാഘാതങ്ങൾ ഉണ്ടാകും. ഇ സ്റ്റീൽ ഉൽപ്പന്നങ്ങളെ വളരെയധികം ആശ്രയിക്കുന്ന മേഖലകളാണ് രണ്ടും. ഉൽപ്പാദനച്ചെലവിലെ ഏതൊരു വർദ്ധനവും ഉല്പ്പന്നത്തിൻ്റെ ആകെ വിലയെയും ബാധിക്കും. ഇതിൻ്റെ ഫലമായി അറ്റകുറ്റപ്പണികൾക്കും മാറ്റിസ്ഥാപിക്കലിനുമുള്ള ക്ലെയിം ചെലവുകളും വർദ്ധിപ്പിക്കും. ഇത് കാലക്രമേണ ഇൻഷുറൻസ് പ്രീമിയങ്ങൾ വർദ്ധിക്കുന്നതിന് കാരണമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
FSRA പോലുള്ള റെഗുലേറ്ററി സ്ഥാപനങ്ങൾ ഇല്ലാത്തതിനാൽ ഹോം ഇൻഷുറൻസ് പ്രീമിയങ്ങളെയായിരിക്കും ഇത് വേഗത്തിൽ ബാധിക്കുക. നിയന്ത്രിക്കാത്തതിനാൽ അവയിൽ മാറ്റങ്ങൾ വേഗത്തിൽ പ്രതിഫലിക്കും. വാഹന മോഷണം, പണപ്പെരുപ്പം തുടങ്ങിയവയെ തുടർന്ന് വാഹന ഇൻഷുറൻസ് പ്രീമിയങ്ങൾ ഇതിനകം തന്നെ വർദ്ധിച്ചിട്ടുണ്ട്. വെള്ളപ്പൊക്കം, കാട്ടുതീ, ആലിപ്പഴം തുടങ്ങിയ പ്രശ്നങ്ങളെ തുടർന്ന് ഹോം ഇൻഷുറൻസ് പ്രീമിയങ്ങളും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന് പുറമെയായിരിക്കും താരിഫിനെ തുടർന്നുള്ള വർധന.