വാഹനങ്ങൾക്ക് മേലുള്ള താരിഫ് തല്ക്കാലികമായി ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ട്രംപിൻ്റെ അനുമതി

By: 600110 On: Mar 6, 2025, 12:55 PM

 

വാഹനങ്ങൾക്ക് മേലുള്ള താരിഫ് തല്ക്കാലികമായി ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിൻ്റെ അനുമതി. എന്നാൽ കനേഡിയൻ പ്രസിഡൻ്റ് ജസ്റ്റിൻ  ട്രൂഡോയുമായുള്ള ഫോൺ സംഭാഷണത്തിന് ശേഷവും കാനഡയിൽ നിന്നുള്ള ഉല്പ്പന്നങ്ങൾക്ക് താരിഫ് ചുമത്തിയ തീരുമാനത്തിൽ നിന്ന് പിൻമാറിയില്ല. 

വാഹന നിർമ്മാതാക്കളായ സ്റ്റെല്ലാൻ്റിസ്, ഫോർഡ്, ജനറൽ മോട്ടോഴ്‌സ് എന്നി കമ്പനികൾ സഹായം അഭ്യർത്ഥിച്ചതിനെ തുടർന്നാണ് വാഹനങ്ങൾക്ക് മേലുള്ള താരിഫ് തല്ക്കാലികമായി മരവിപ്പിച്ചതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു. CUSMA എന്നറിയപ്പെടുന്ന കാനഡ-യുഎസ്-മെക്സിക്കോ വ്യാപാര കരാറിലൂടെ വരുന്ന ഏതൊരു വാഹനത്തിനുമാണ് ട്രംപ് ഒരു മാസത്തെ ഇളവ് അനുവദിച്ചത്. ഉൽപ്പാദനം അമേരിക്കയിലേക്ക് മാറ്റാൻ വാഹന നിർമ്മാതാക്കൾക്ക് സമയം നൽകുക എന്നതാണ് ഈ ഇളവിന്റെ ഉദ്ദേശ്യമെന്ന് ലീവിറ്റ് പറഞ്ഞു. പരസ്പര താരിഫുകൾ ഏപ്രിൽ രണ്ട് മുതൽ പ്രാബല്യത്തിൽ വരുമെന്നും ലീവിറ്റ് വ്യക്തമാക്കി. അതിനിടെ അമേരിക്കയ്ക്ക് മേൽ സമ്മർദ്ദം ചെലുത്താൽ കൂടുതൽ ശക്തമായ നടപടികൾ വേണമെന്ന് കാനഡയിൽ അഭിപ്രായം ഉയരുന്നുണ്ട്. ഊർജ്ജോല്പ്പന്നങ്ങൾ, യുറേനിയം, പൊട്ടാഷ് തുടങ്ങി അമേരിക കാനഡയെ കൂടുതൽ ആശ്രയിക്കുന്ന ഉല്പ്പന്നങ്ങൾ മുൻനിർത്തി സമ്മർദ്ദം ശക്തമാക്കണമെന്ന് വിദേശകാര്യ മന്ത്രി മെലനി ജോളി അഭിപ്രായപ്പെട്ടു