രാത്രിയില്‍ തനിക്ക് ടെക്സ്റ്റ് മെസേജ് അയക്കുന്നത് നിര്‍ത്താന്‍ ഒന്റാരിയോ നിവാസികളോട് അഭ്യര്‍ത്ഥിച്ച് പ്രീമിയര്‍ ഡഗ് ഫോര്‍ഡ്. സന്ദേശങ്ങള്‍ കുന്നുകൂടുന്നത് കുറച്ച് മണിക്കൂറുകള്‍ മാത്രമുള്ള തന്റെ ഉറക്കത്തിന് തടസ്സമാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കഷ്ടിച്ച് നാല് മുതല്‍ അഞ്ച് മണിക്കൂര്‍ മാത്രമാണ് തനിക്ക് ഉറങ്ങാന്‍ സാധിക്കുന്നത്. ആളുകള്‍ അയക്കുന്ന എല്ലാ മെസേജുകള്‍ക്കും തനിക്ക് മറുപടി അയക്കാന്‍ സാധിക്കുന്നില്ലെന്നും മുഴുവന്‍ മെസേജുകളും വായിക്കാന്‍ സാധിക്കുന്നില്ലെന്നും ഫോര്‍ഡ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മറുപടി നല്‍കേണ്ട നാലായിരത്തിലധികം ടെക്സ്റ്റ് മെസേജുകള്‍ ഫോണില്‍ ഉണ്ടെന്നാണ് ഫോര്‍ഡ് കണക്കാക്കുന്നത്.
താന്‍ മറുപടി നല്‍കിയില്ലെങ്കില്‍ ദയവായി തന്നോട് ക്ഷമിക്കണമെന്ന് ഫോര്‍ഡ് പറഞ്ഞു. ഒരു ദിവസം ആയിരക്കണക്കിന് മെസ്സേജുകളാണ് വരുന്നത്. തനിക്ക് അത് നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ജോലി, സ്വകാര്യ ആവശ്യങ്ങള്‍, പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാംകൂടി പ്രീമിയര്‍ ഒരു മൊബൈല്‍ഫോണ്‍ ആണ് ഉപയോഗിക്കുന്നത്. ഇതിനെതിരെ വിവാദങ്ങളും ഉടലെടുത്തിട്ടുണ്ട്. പ്രവിശ്യയുടെ സ്വകാര്യതാ നിരീക്ഷണ സംഘത്തിന് മുന്നില്‍ ഫോര്‍ഡിന്റെ മൊബൈല്‍ ഫോണ്‍ സുതാര്യതാ പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു.
ഫോര്‍ഡ് തന്റെ സ്വകാര്യ ഫോണ്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തുകയും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരോട് അദ്ദേഹത്തിന്റെ സ്വകാര്യ ഫോണ്‍ കോള്‍ ലോഗുകള്‍ ആക്‌സസ് ചെയ്യാനും വെളിപ്പെടുത്താനും കഴിഞ്ഞ വര്‍ഷം അവസാനം, ഒന്റാരിയോയിലെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പ്രൈവസി കമ്മീഷണര്‍ ഉത്തരവിട്ടിരുന്നു.
അതേസമയം, ഫോണില്‍ അവശേഷിക്കുന്ന ആയിരക്കണക്കിന് മെസ്സേജുകള്‍ക്ക് മറുപടി നല്‍കാന്‍ ശ്രമിക്കുമെന്ന് ഫോര്‍ഡ് അറിയിച്ചിട്ടുണ്ട്.