കാനഡക്കാർ അവധിക്കാലത്തിന് മുമ്പ് പാസ്‌പോർട്ട് പുതുക്കണമെന്ന് നിർദ്ദേശം. അവധിക്കാലം ആഘോഷിക്കാൻ രാജ്യത്തിന് പുറത്തേക്ക് പോകുന്നവർ പാസ്‌പോർട്ട് പരിശോധിക്കണമെന്നും അധികമാരും ശ്രദ്ധിക്കാത്തൊരു പാസ്‌പോർട്ട് നിയമം യാത്രകളെ ബാധിച്ചേക്കാമെന്നുമാണ് മുന്നറിയിപ്പ്.
കാലാവധി അവസാനിക്കുന്നതിന് കുറഞ്ഞത് ആറ് മാസം മുമ്പെങ്കിലും പാസ്പോർട്ട് പുതുക്കണമെന്നാണ് നിർദ്ദേശം.
ഡൊമിനിക്കൻ റിപ്പബ്ലിക്, തായ്‌ലൻഡ്, സിംഗപ്പൂർ, ചൈന, തുർക്കി തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകുന്നവരുടെ പാസ്‌പോർട്ടിന്, ആ രാജ്യങ്ങളിൽ എത്തുന്ന ദിവസം മുതൽ കുറഞ്ഞത് ആറ് മാസത്തേക്ക് സാധുത ഉണ്ടായിരിക്കണം. അങ്ങനെയല്ലെങ്കിൽ, ആ രാജ്യങ്ങളിൽ പ്രവേശിക്കുന്നത് നിഷേധിക്കപ്പെട്ടേക്കാം.അല്ലെങ്കിൽ വിമാനത്തിൽ കയറുന്നത് തടയപ്പെടുകയോ ചെയ്തേക്കാം.
"സിക്സ് മന്ത് റൂൾ" അഥവാ "ആറ് മാസ നിയമം" എന്നാണ് ഇത് അറിയപ്പെടുന്നത്. എഴുപതോളം രാജ്യങ്ങൾ ഈ വ്യവസ്ഥ കർശനമാക്കിയിട്ടുണ്ട്. അപ്രതീക്ഷിത പ്രശ്‌നങ്ങളോ അടിയന്തര സാഹചര്യങ്ങളോ കാരണം യാത്രക്കാർ കൂടുതൽ സമയം രാജ്യത്ത് തങ്ങുന്നത് തടയാനാണ് ഇത്. വിമാനങ്ങൾ റദ്ദാക്കപ്പെടുകയോ, മറ്റ് അടിയന്തര സാഹചര്യങ്ങളോ മൂലം യാത്ര നീട്ടി വയ്ക്കേണ്ട സാഹചര്യങ്ങളിൽ യാത്രക്കാരെ സംബന്ധിച്ച് ഇത് ഒരു പരിധി വരെ സുരക്ഷിതത്വും നല്കുന്നുണ്ട്.