അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ചുമത്തലും ഇതിനെതിരെയുള്ള കാനഡയുടെ പ്രതികാര നടപടികളും രാജ്യത്തിന്റെ വിവിധ മേഖലകളെ ബാധിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. താരിഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയിലേക്കുള്ള ഫ്‌ളൈറ്റ് ബുക്കിംഗ് കുത്തനെ ഇടിഞ്ഞതായി എയര്‍ലൈനുകളും ട്രാവല്‍ കമ്പനികളും റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ നഗരങ്ങളിലേക്കുള്ള ഫെബ്രുവരിയിലെ ബുക്കിംഗുകള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 40 ശതമാനം കുറഞ്ഞതായി ട്രാവല്‍ ഏജന്‍സി ഫ്‌ളൈറ്റ് സെന്റര്‍ ട്രാവല്‍ ഗ്രൂപ്പ് കാനഡ പറയുന്നു. അതേസമയം, കഴിഞ്ഞ മൂന്ന് മാസമായി അമേരിക്കയിലേക്കുള്ള യാത്രകള്‍ റദ്ദാക്കുന്ന കനേഡിയന്‍ പൗരന്മാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നും ഗ്രൂപ്പ് വ്യക്തമാക്കുന്നു.
ഫ്‌ളോറിഡ, ലാസ് വേഗാസ്, അരിസോന എന്നീ അമേരിക്കന്‍ നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസ് മാര്‍ച്ചില്‍ 10 ശതമാനം കുറയ്ക്കുമെന്ന് എയര്‍ കാനഡ പ്രഖ്യാപിച്ചിരുന്നു. അമേരിക്കയെ ഉപേക്ഷിക്കുന്ന യാത്രക്കാര്‍ മെക്‌സിക്കോ, കരീബിയന്‍ തുടങ്ങിയ മറ്റ് സണ്‍ ഡെസ്റ്റിനേഷനുകള്‍ തെരഞ്ഞെടുക്കുന്നതായി വെസ്റ്റ്‌ജെറ്റ് പറയുന്നു.