താരിഫ് വിഷയത്തിൽ ഒത്തുതീർപ്പിന് സാധ്യതയെന്ന് യുഎസ് കൊമേഴ്സ് സെക്രട്ടറി ഹൊവാർഡ് ലുട്നിക്

By: 600110 On: Mar 5, 2025, 1:08 PM

 

താരിഫ് വിഷയത്തിൽ ഒത്തുതീർപ്പിന് സാധ്യതയെന്ന് യുഎസ് കൊമേഴ്സ് സെക്രട്ടറി ഹൊവാർഡ് ലുട്നിക് . ഫോക്സ് ന്യൂസിനോട് സംസാരിക്കവെയാണ് ലുട്നിക് ഇക്കാര്യം വ്യക്തമാക്കിയത്. കാനഡയ്ക്കും മെക്സിക്കോയ്ക്കും എതിരെയുള്ള 25 ശതമാനം താരിഫ് നടപ്പിലായതിന് തൊട്ടു പിറകെയാണ് ലുട്നിക് ഇക്കാര്യം അറിയിച്ചത്. 

കാനഡയിലെയും മെക്സിക്കോയിലെയും നേതാക്കൾ താനുമായി ചർച്ച നടത്തി വരികയാണെന്ന് ഹൊവാർഡ് ലുട്നിക് പറഞ്ഞു. ട്രംപ് ആശങ്ക പ്രകടിപ്പിച്ച വിഷയങ്ങളിൽ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കാമെന്ന് അവർ അറിയിച്ചിട്ടുണ്ടെന്നും ലുട്നിക് കൂട്ടിച്ചേർത്തു. ഇക്കാര്യങ്ങൾ പരിഗണിച്ച് പ്രസിഡൻ്റ് ട്രംപ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്നും ഹൊവാർഡ് ലുട്നിക് വ്യക്തമാക്കി. കനേഡിയൻ ധനകാര്യ മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് ഹൊവാർഡ് ലുട്നിക്കുമായി ചർച്ച നടത്തിയതായി കനേഡിയൻ സർക്കാർ വൃത്തങ്ങളും സൂചന നല്കി. 

അതിനിടെ താരിഫുകൾ പ്രഖ്യാപിച്ച ട്രംപിൻ്റെ നടപടിയെ മണ്ടത്തരമെന്ന് വിശേഷിപ്പിച്ച കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ ഹൊവാർഡ് ലുട്നിക് വിമർശിച്ചു. കുറേക്കൂടി ബുദ്ധിമാനായ ഒരു നേതാവിനെ പ്രധാനമന്ത്രിയായി കാനഡ തെഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ഹൊവാർഡ് ലുട്നിക് പറഞ്ഞു. താൻ പ്രധാനമന്ത്രി സ്ഥാനത്ത് എത്ര നാൾ തുടരുമെന്നതിനെക്കുറിച്ച് ട്രൂഡോയുടെ വാക്കുകളും ഇതിനിടെ ശ്രദ്ധേയമായി. തൻ്റെ പിൻഗാമിക്ക് എത്രത്തോളം സമയം വേണമെന്നതിനെ ആശ്രയിച്ചിരിക്കും  ഓഫീസിലെ തൻ്റെ അവസാന ദിവസങ്ങളെന്നും ട്രൂഡോ പറഞ്ഞു.