അനധികൃത കുടിയേറ്റമടക്കം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി ഇമിഗ്രേഷൻ, വിസ നയങ്ങൾ കർശനമാക്കിയ കാനഡയുടെ നടപടി ഇന്ത്യൻ വിദ്യാർഥികൾക്ക് തിരിച്ചടിയാകുന്നു. പല വിദ്യാർഥികളുടെയും സ്റ്റുഡൻ്റ് പെർമിറ്റുകൾ പെട്ടെന്ന് ക്യാൻസൽ ചെയ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്.
ജനുവരി 31നാണ് പുതിയ നിയന്ത്രണങ്ങൾ നിലവിൽ വന്നത്. വിസ അപേക്ഷകളുടെ സൂക്ഷ്മപരിശോധന കർശനമാക്കുകയും പെർമിറ്റ് റദ്ദാക്കപ്പെടുന്നവരോട് ഉടൻ രാജ്യം വിടാൻ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. മികച്ച അക്കാദമിക് റെക്കോഡുകളുള്ള വിദ്യാർഥികളുടെ പെർമിറ്റുകൾ പോലും റദ്ദാക്കപ്പെടുന്നുണ്ട്. ഈ വർഷം ഐആർസിസി ഏഴായിരത്തോളം പെർമിറ്റുകൾ കൂടി റദ്ദാക്കാൻ പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇത് നാല് ലക്ഷത്തിലേറെ ഇന്ത്യൻ വിദ്യാർഥികളെ ബാധിച്ചേക്കും. പെർമിറ്റ് റദ്ദാക്കപ്പെട്ടാൻ ഉടൻ തന്നെ കാനഡ വിടേണ്ടി വരും. അല്ലെങ്കിൽ ഉത്തരവിനെതിരെ അപ്പീൽ നല്കണം. പക്ഷെ അപ്പീൽ നല്കാൻ 1500 ഡോളറിലേറെ വേണ്ടി വരും. മാത്രമല്ല അപ്പീലിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് ഉറപ്പുമില്ല.
കാനഡയിലെ വിദേശ വിദ്യാർഥികളിൽ 35 മുതൽ 40 ശതമാനം വരെ ഇന്ത്യക്കാരാണ്. പുതിയ വിസ നിയന്ത്രണങ്ങൾ ഇന്ത്യൻ വിദ്യാർഥികളെയും, ഇന്ത്യൻ തൊഴിലാളികളെയും താൽക്കാലിക താമസത്തിനെത്തുന്നവരെയും ബാധിക്കാൻ സാധ്യതയുണ്ട്.