യുഎസ് നടപ്പിലാക്കിയ താരിഫുകള്‍ക്കെതിരെ പ്രതികരിച്ച് ഒന്റാരിയോ. താരിഫ് ഏര്‍പ്പെടുത്തി തുടങ്ങിയ പശ്ചാത്തലത്തില്‍ എല്‍സിബിഒയില്‍ നിന്നും അമേരിക്കന്‍ മദ്യങ്ങള്‍ പിന്‍വലിച്ചു തുടങ്ങിയതായി ഒന്റാരിയോ സര്‍ക്കാര്‍ അറിയിച്ചു. കൂടാതെ ഒന്റാരിയോയും ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റും തമ്മിലുള്ള കരാറും റദ്ദാക്കി. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഒന്റാരിയോ ആരംഭിച്ച പ്രതികാര നടപടികള്‍ ഉടന്‍ നടപ്പിലാക്കി തുടങ്ങിയിരിക്കുകയാണ് ഫോര്‍ഡ് സര്‍ക്കാര്‍.
ഒന്റാരിയോ പ്രതിവര്‍ഷം 965 മില്യണ്‍ ഡോളറിന്റെ മദ്യമാണ് ഇറക്കുമതി ചെയ്യുന്നത്. കൂടാതെ, 36 സംസ്ഥാനങ്ങളില്‍ നിന്നുള്ള 3600 അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ട്. താരിഫ് നീക്കം ചെയ്യുന്ന പക്ഷം മദ്യം സംഭരിച്ച് സൂക്ഷിച്ച് വീണ്ടും വില്‍ക്കുമെന്നാണ് ഫോര്‍ഡ് അറിയിച്ചിരിക്കുന്നത്. അതേസമയം, ലോകത്തിലെ ഏറ്റവും വലിയ ആല്‍ക്കഹോള്‍ പര്‍ച്ചേസറുകളില്‍ ഒന്നായ ആമസോണ്‍ അമേരിക്കന്‍ മദ്യം നീക്കം ചെയ്യുന്നതിനായി ചൊവ്വാഴ്ച നിശ്ചിത സമയത്തേക്ക് ഓഫ്‌ലൈനായി.
നോര്‍ത്തേണ്‍ ഒന്റാരിയോയിലെ ആയിരക്കണക്കിന് വീടുകള്‍ക്ക് സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് നല്‍കുന്നതിനായി മസ്‌കിന്റെ സ്‌പേസ് എക്‌സ് കമ്പനിയുമായുള്ള 100 മില്യണ്‍ ഡോളറിന്റെ കരാറാണ് പ്രതികാര നടപടിയായി ഫോര്‍ഡ് സര്‍ക്കാര്‍ റദ്ദാക്കുന്നത്.