ആരോഗ്യ സംരക്ഷണ മേഖലയിലെ കരാറുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണങ്ങളം ക്രമക്കേടുകളും അന്വേഷിക്കാനും അവലോകനം നടത്താനും മൂന്നാം കക്ഷിയായി ആല്‍ബെര്‍ട്ട സര്‍ക്കാര്‍ മുന്‍ മാനിറ്റോബ ജഡ്ജിയെ നിയമിച്ചു. മാനിറ്റോബ പ്രവിശ്യാ കോടതിയിലെ മുന്‍ ചീഫ് ജഡ്ജിയായ റെയ്മണ്ട് ഇ വ്യാന്റ് ആണ് അന്വേഷണത്തിന് നേതൃത്വം നല്‍കുക. 1998 ല്‍ മാനിറ്റോബ ബെഞ്ചിലേക്ക് നിയമിതനായ വ്യാന്റ് 2002 ലാണ് ചീഫ് ജഡ്ജിയായി നിയമിതനായത്.
കേസില്‍ അവലോകനം നടത്തുന്നതിനായി അദ്ദേഹത്തിന് 500,000 ഡോളറാണ് ബജറ്റില്‍ വകയിരുത്തിരിക്കുന്നത്. കൂടാതെ പ്രതിമാസം 31,900 ഡോളര്‍ പ്രതിഫലം ലഭിക്കും. പ്രവിശ്യയുടെ നിര്‍ദ്ദേശ പ്രകാരം അദ്ദേഹം സര്‍ക്കാരില്‍ നിന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കും.
മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും ശസ്ത്രക്രിയാ നടപടിക്രമങ്ങള്‍ക്കുമായി ആല്‍ബെര്‍ട്ടയിലെ ഉന്നതതല ഉദ്യോഗസ്ഥര്‍ കോടിക്കണക്കിന് ഡോളറിന്റെ ഇടപാടുകള്‍ നടത്തിയെന്നും ഇതിനായുള്ള ഒത്തുകളിയിലും വ്യക്തി താല്‍പ്പര്യങ്ങളിലും ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. അടുത്തിടെ പുറത്താക്കപ്പെട്ട ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ് മേധാവി അഥാന മെന്റ്‌സലോപൗലോസാണ് ആരോപണങ്ങളുമായി രംഗത്തെത്തിയത്.