യുഎസ് താരിഫുകൾ കാരണം കാനഡയിൽ ഭവനനിർമ്മാണത്തിൻ്റെ വേഗത കുറയുമെന്ന് സിഎച്ച്ബിഎ

By: 600110 On: Mar 5, 2025, 10:27 AM

 

യുഎസ് താരിഫുകൾ കാരണം കാനഡയിൽ ഭവനനിർമ്മാണത്തിൻ്റെ വേഗത കുറയുമെന്ന് സിഎച്ച്ബിഎ. യുഎസ് താരിഫുകൾ ഭവനനിർമ്മാണ മേഖലയിൽ നിശബ്ദ സ്വാധീനം ചെലുത്തുമെന്നാണ് കനേഡിയൻ ഹോം ബിൽഡേഴ്‌സ് അസോസിയേഷൻ സിഇഒ കെവിൻ ലീ  പറഞ്ഞത്. താരിഫിനെ തുടർന്ന് സമ്പദ്‌വ്യവസ്ഥയിൽ പ്രതീക്ഷിക്കുന്ന മാന്ദ്യം ഭവന വിപണിയെ പിന്നോട്ട് വലിക്കും. ഇതിൻ്റെ ഫലമായി ഭവന നിർമ്മാണങ്ങളും കുറയുമെന്ന് അദ്ദേഹം പറഞ്ഞു. 

കാനഡയിൽ നിന്നുള്ള ഇറക്കുമതിക്ക് തീരുവ ചുമത്തുമെന്ന ഡോണൾഡ് ട്രംപിൻ്റെ പ്രസ്താവന പുറത്ത് വന്നത് മുതൽ ഉപഭോക്താക്കളുടെ ആത്മവിശ്വാസത്തിൽ വലിയ  ഇടിവ് സംഭവിച്ച് തുടങ്ങിയതായി ലീ പറയുന്നു. 
താരിഫുകളുമായി ബന്ധപ്പെട്ട് തൊഴിൽ മേഖലയിലുണ്ടാകുന്ന അരക്ഷിതാവസ്ഥയും ആശങ്കകളും ഭവന വിപണിയിലേക്ക് പടരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പലിശ നിരക്കുകൾ കുറയുന്നുണ്ടെങ്കിലും വിപണി ഇപ്പോഴും അൽപ്പം മന്ദഗതിയിലാണ്. വ്യാപാര യുദ്ധം തുടരുമ്പോൾ അത് കൂടുതൽ വഷളാകാനാണ് സാധ്യതയെന്നും ലീ പറഞ്ഞു.

ട്രംപിൻ്റെ വ്യാപാര യുദ്ധത്തിന് മറുപടിയായി കാനഡ 30 ബില്യൺ ഡോളർ മൂല്യമുള്ള യുഎസ് ഉൽപ്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ ഏർപ്പെടുത്തിയിട്ടുണ്ട്. മൂന്ന് ആഴ്ചകൾക്കുള്ളിൽ കോടിക്കണക്കിന് അധിക താരിഫുകൾ കൂടി ഏർപ്പെടുത്തും. ഈ പ്രതികാര തീരുവകൾ യുഎസിൽ നിന്ന് വരുന്ന  നിർമ്മാണ സാമഗ്രികളെ ബാധിച്ചാൽ, അവ ബിൽഡർമാരുടെ ചെലവ് വർദ്ധിപ്പിക്കുമെന്ന് ലീ പറഞ്ഞു.