മനുഷ്യ മസ്തിഷ്‌കത്തില്‍ ഒരു പ്ലാസ്റ്റിക് സ്പൂണിന്റെ അത്രയും അളവില്‍ മൈക്രോപ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ഗവേഷകനായ ഡോ. നിക്കോളാസ് ഫാബിയാനോ നടത്തിയിരിക്കുന്നത്. തലച്ചോറില്‍ അടിഞ്ഞുകൂടുന്ന മൈക്രോപ്ലാസ്റ്റിക് എങ്ങനെ നീക്കം ചെയ്യാം എന്നതിനെക്കുറിച്ചും അദ്ദേഹം പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. ഭക്ഷണം, വെള്ളം, വായു എന്നിവയിലൂടെ ആഗിരണം ചെയ്യപ്പെടുന്ന സൂക്ഷ്മതലത്തിലുള്ള ചെറിയ കണികകളായ മൈക്രോപ്ലാസ്റ്റികിന്റെ ഉപഭോഗം കുറയ്ക്കാന്‍ സാധ്യമായ വഴികളെക്കുറിച്ച് പര്യവേക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് നിക്കോളാസ് ഫാബിയാനോ പറയുന്നു. ഒരിക്കല്‍ അവ ശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ നീക്കം ചെയ്യാന്‍ സാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. എങ്കിലും മൈക്രോപ്ലാസ്റ്റിക് ശരീരത്തില്‍ അടിഞ്ഞുകൂടാനുള്ള വഴികള്‍ ഇല്ലാതാക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
ബിസ്‌ഫെനോള്‍ എ(BPA) പോലുള്ള ചില പ്ലാസ്റ്റിക്-ഉത്ഭവ സംയുക്തങ്ങള്‍ നീക്കം ചെയ്യാന്‍ വിയര്‍പ്പ് സഹായിക്കുമെന്ന് പഠനം സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ മസ്തിഷ്‌കത്തില്‍ നിന്നും മൈക്രോപ്ലാസ്റ്റിക് നീക്കം ചെയ്യാമെന്നതിന് തെളിവുകളൊന്നുമില്ല. കുപ്പിവെള്ളം ഉപയോഗിക്കുന്നതിന് പകരം ടാപ്പില്‍ നിന്നുള്ള വെള്ളം ഉപയോഗിക്കുക, ചിക്കന്‍ നഗ്ഗറ്റ്‌സിന് പകരം ചിക്കന്‍ ബ്രെസ്റ്റുകള്‍ തെരഞ്ഞെടുത്ത് ഉപയോഗിക്കുക തുടങ്ങിയ വഴികളിലൂടെ മൈക്രോപ്ലാസ്റ്റിക് ശരീരത്തിലെത്തുന്നത് തടയാന്‍ സഹായിക്കുമെന്ന് ഫാബിയാനോയും സഹപ്രവര്‍ത്തകരും വ്യക്തമാക്കുന്നു.
ഡിമെന്‍ഷ്യ ഉള്ള വ്യക്തികളില്‍ മൈക്രോപ്ലാസ്റ്റികിന്റെ അളവ് മൂന്ന് മുതല്‍ അഞ്ച് മടങ്ങ് കൂടുതലാണെന്ന് ബ്രെയിന്‍ മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2016 മുതല്‍ 2024 വരെയുള്ള കാലയളവില്‍ തലച്ചോറിലെ മൈക്രോപ്ലാസ്റ്റിക് സാന്ദ്രതയിലുണ്ടായ വര്‍ധന ആശങ്കയുണ്ടാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണം സൂക്ഷിക്കുന്നതും മൈക്രോവേവില്‍ ഭക്ഷണം ചൂടാക്കുന്നതും ഗണ്യമായ അളവില്‍ മൈക്രോപ്ലാസ്റ്റികും നാനോ പ്ലാസ്റ്റികും പുറത്തുവിടുമെന്ന് ഗവേഷകര്‍ പറയുന്നു.