താരിഫുകൾ പ്രഖ്യാപിച്ച അമേരിക്കൻ നടപടിക്ക് കനത്ത തിരിച്ചടി നൽകുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

By: 600110 On: Mar 5, 2025, 9:49 AM

 

താരിഫുകൾ പ്രഖ്യാപിച്ച അമേരിക്കൻ നടപടിക്ക് കനത്ത തിരിച്ചടി  നൽകുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് താരിഫ് ചുമത്തിയ ട്രംപിൻ്റെ നടപടി മണ്ടത്തരമെന്നും  ട്രൂഡോ പറഞ്ഞു. 

അതേസമയം താരിഫുകൾ നിലവിൽ വന്നതോടെ ദുഷ്‌കരമായ പാതയാണ് കാനഡക്കാരെ സംബന്ധിച്ച് മുന്നിലുള്ളതെന്നും ട്രൂഡോ  മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ ആദ്യ റൗണ്ട് താരിഫുകളും കാനഡയുടെ കൌണ്ടർ താരിഫുകളും  പ്രാബല്യത്തിൽ വന്നതിന് ശേഷമായിരുന്നു  ട്രൂഡോയുടെ പ്രസ്താവന. വെല്ലുവിളികളുടെ സമയമാണ് മുന്നിലുള്ളത്. എങ്കിലും ഇതിനെതിരെ ഒരുമിച്ച് പ്രവർത്തിക്കുമെന്നും ട്രൂഡോ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ചൊവ്വാഴ്ച മുതൽ, കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നും അമേരിക്കയിലേക്ക് പ്രവേശിക്കുന്ന എല്ലാ സാധനങ്ങൾക്കും 25 ശതമാനം തീരുവ ചുമത്തിയിട്ടുണ്ട്, കൂടാതെ കാനഡയുടെ ഊർജ്ജ കയറ്റുമതിക്ക് 10 ശതമാനം തീരുവയും ചുമത്തിയിട്ടുണ്ട്. ഇതിനു മറുപടിയായി, കാനഡ 30 ബില്യൺ ഡോളർ മൂല്യമുള്ള യുഎസ് ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്തി തിരിച്ചടിച്ചു, മൂന്ന് ആഴ്ചകൾക്ക് ശേഷം 125 ബില്യൺ ഡോളർ മൂല്യമുള്ള അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്തുമെന്ന് ട്രൂഡോ പറഞ്ഞു.

അമേരിക്കയുടെ നടപടിക്ക് മറുപടി നല്കുക തന്നെ ചെയ്യും. യുഎസ് താരിഫുകൾ പിൻവലിക്കുന്നത് വരെ കാനഡയുടെ താരിഫുകൾ നിലനിൽക്കും. യുഎസ് താരിഫുകൾ അവസാനിപ്പിച്ചില്ലെങ്കിൽ, നിരവധി താരിഫ് ഇതര നടപടികളും സ്വീകരിക്കും. ഇതിനായി വിവിധ പ്രവിശ്യകളുമായി ചർച്ചകൾ തുടരുകയാണെന്നും ട്രൂഡോ കൂട്ടിച്ചേർത്തു.