യുഎസ് താരിഫ്: പത്ത് ദിവസത്തിനുള്ളില്‍ ഒന്റാരിയോയിലെ ഓട്ടോ മൊബൈല്‍ മേഖല അടച്ചുപൂട്ടപ്പെടുമെന്ന് ഡഗ് ഫോര്‍ഡ് 

By: 600002 On: Mar 5, 2025, 9:29 AM

 


അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് നയത്തെ അപലപിച്ച് ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ്. ട്രംപ് താരിഫ് ചുമത്തി തുടങ്ങിയാല്‍ പ്രവിശ്യയിലെ ഓട്ടോമൊബൈല്‍ മേഖല പത്ത് ദിവസത്തിനുള്ളില്‍ അടച്ചുപൂട്ടപ്പെടുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കാനഡയുടെ ഭൂരിഭാഗം ഇറക്കുമതികള്‍ക്കും ട്രംപ് ഏര്‍പ്പെടുത്തിയ 25 ശതമാനം ലെവി വ്യവസായങ്ങളെ തകര്‍ക്കുപമെന്നും ഫോര്‍ഡ് മുന്നറിയിപ്പ് നല്‍കി. 

അസംബ്ലി ലൈനുകളും ഓട്ടോ മേഖലയും പത്ത് ദിവസത്തിനുള്ളില്‍ അടച്ചുപൂട്ടേണ്ടി വരുമെന്നാണ് താന്‍ പ്രവചിക്കുന്നത്. ഓട്ടോ മൊബൈല്‍ മേഖലയിലുള്ളവര്‍ അങ്ങനെ ചെയ്യില്ലെന്ന് അറിയാം. പക്ഷേ, താരിഫും കാനഡയുടെ പ്രതികാര താരിഫും എല്ലാം കൂടി വരുമ്പോള്‍ അടച്ചുപൂട്ടലിലേക്ക് നയിക്കുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അമേരിക്ക താരിഫ് ചുമത്തിയതിന് മറുപടിയായി അമേരിക്കയിലേക്കുള്ള ഊര്‍ജ്ജ കയറ്റുമതി നിര്‍ത്തലാക്കുമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ഒന്റാരിയോയെ ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ചാല്‍ പുഞ്ചിരിയോടെ അവരുടെ ഊര്‍ജ്ജം വിച്ഛേദിക്കാന്‍ തയാറാകുമെന്നാണ് അദ്ദേഹം പറഞ്ഞത്.