കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് തീരുവകൾ പ്രഖ്യാപിച്ചത് ആൽബെർട്ടയിലെ വ്യവസായ മേഖലയ്ക്ക് തിരിച്ചടിയായേക്കും

By: 600110 On: Mar 4, 2025, 4:47 PM

 

കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് തീരുവകൾ പ്രഖ്യാപിച്ചത് ആൽബെർട്ടയിലെ നിരവധി പ്രധാന വ്യവസായങ്ങൾക്ക് തിരിച്ചടിയായേക്കുമെന്ന് റിപ്പോർട്ട്. ഒട്ടേറെപ്പേരുടെ തൊഴിലുകളെയും ഇത് ബാധിച്ചേക്കും. കനേഡിയൻ ചേംബർ ഓഫ് കൊമേഴ്‌സിൻ്റെ കാനഡ-യുഎസ് ട്രേഡ് ട്രാക്കർ പ്രകാരം യുഎസുമായുള്ള വ്യാപാരത്തെ ആശ്രയിച്ചാണ് ആൽബർട്ടയിലെ ഊർജ്ജം, ഉൽപ്പാദനം, ഗതാഗതം തുടങ്ങിയ പ്രധാന വ്യവസായങ്ങൾ നിലനില്ക്കുന്നത്. അതിനാൽ പുതിയ തീരുവകൾ ഈ മേഖലകളിലെ ഒട്ടേറെ തൊഴിലുകളെയും ബാധിച്ചേക്കും.  

കാനഡ-യുഎസ് വ്യാപാരത്തിലെ പ്രധാന ചാലകശക്തികളിൽ ഒന്നാണ് ആൽബെർട്ട എന്ന് കനേഡിയൻ ചേംബർ ഓഫ് കൊമേഴ്‌സിലെ മുതിർന്ന സാമ്പത്തിക വിദഗ്ധൻ ആൻഡ്രൂ ഡികാപുവ  പറഞ്ഞു. ഏകദേശം 188 ബില്യൻ ഡോളറിൻ്റെ വ്യാപാരമാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ നടക്കുന്നത്. യുഎസിലേക്കുള്ള കയറ്റുമതി 356,000ൽ അധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കാൽഗറിയിലോ എഡ്മണ്ടണിലോ ഉള്ള ജനസംഖ്യയുടെ ഏകദേശം മൂന്നിലൊന്ന് വരും ഇത്. ആൽബെർട്ടയുടെ യുഎസിലേക്കുള്ള കയറ്റുമതിയുടെ 70 ശതമാനത്തിലധികവും അസംസ്കൃത എണ്ണയാണ്. ഇത് മൊത്തം 133 ബില്യൺ ഡോളറിലധികം വരും. ഇലിനോയിസ് ആണ് ആൽബർട്ടയുടെ പ്രധാന വ്യാപാര പങ്കാളി.