ബെർലിൻ: ജർമനിയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് അമിത വേഗത്തിൽ കാർ ഇടിച്ചുകയറി രണ്ട് പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കുണ്ട്. പടിഞ്ഞാറൻ ജർമൻ നഗരമായ മാൻഹൈമിലായിരുന്നു സംഭവം. നല്ല വേഗത്തിൽ എത്തിയ കറുത്ത നിറത്തിലുള്ള ഒരു എസ്.യു.വി വാഹനം ബോധപൂർവം കാൽനട യാത്രക്കാരിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സംഭവവുമായി ബന്ധപ്പെട്ട കാറോടിച്ചിരുന്ന ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. 40കാരനായ ജർമൻ പൗരനാണ് പിടിയിലായത്. ഇയാൾക്ക് എന്തെങ്കിലും തീവ്രവാദ ബന്ധങ്ങളുണ്ടെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. എന്നാൽ മാനസിക രോഗത്തിന്റെ പ്രകടമായ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട് എന്നാണ് അധികൃതർ അറിയിച്ചത്. കൂടുതൽ പേർക്ക് ഇതിൽ പങ്കുണ്ടോ എന്ന കാര്യം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പരേഡ്പ്ലാറ്റ്സ് സ്ക്വയറിൽ നിന്ന് നഗരത്തിലെ ആകർഷകമായ വാട്ടർ ടവറിലേക്കുള്ള ദിശയിൽ സഞ്ചരിക്കുകയായിരുന്ന വാഹനമാണ് പെട്ടെന്ന് കാൽനട യാത്രക്കാരിലേക്ക് ഇടിച്ചുകയറിയത്. നിരവധിപ്പേർക്ക് ഗുരുതര പരിക്കുകളുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.
സംഭവത്തിന് പിന്നാലെ ആളുകളോട് വീടുകളിൽ തന്നെ ഇരിക്കാൻ പൊലീസ് നിർദേശം നൽകി. ആളപായങ്ങളെക്കുറിച്ച് ഔദ്യോഗികമായ പ്രതികരണങ്ങൾ ലഭ്യമായിട്ടില്ല. കാർണിവൽ സീസണായതിനാൽ നിരവധി ജനങ്ങൾ നഗരത്തിൽ ഒത്തുചേരുന്ന അവസരത്തിലായിരുന്നു സംഭവം നടന്നത്. ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചതായി ലോക്കൽ പൊലീസ് അറിയിച്ചു. അഞ്ച് പേരുടെ പരിക്കുകൾ ഗുരുതരമാണ്. ആളുകൾക്കിടയിലേക്ക് കാറോടിച്ച് കയറ്റിയ ശേഷം 40കാരൻ തോക്കെടുത്ത് സ്വയം വെടിവെച്ചു. പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ പറഞ്ഞു. ഇയാൾക്കെതിരെ കൊലപാതകം, കൊലപാതക ശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.