ട്രംപിന്റെ താരിഫുകള്‍ ന്യായീകരിക്കാനാകാത്തത്; കാനഡ പ്രതികരിക്കുമെന്ന് ജസ്റ്റിന്‍ ട്രൂഡോ 

By: 600002 On: Mar 4, 2025, 10:13 AM

 


കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് താരിഫ് ഏര്‍പ്പെടുത്തിയത് ന്യായീകരിക്കാനാകാത്തതാണെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. താരിഫുകള്‍ക്കെതിരെ കാനഡ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയ്‌ക്കെതിരെ പ്രതികാര താരിഫുകളും മറ്റ് നടപടികളും ഉപയോഗിച്ച് തിരിച്ചടിക്കുമെന്ന് ട്രൂഡോ മുന്നറിയിപ്പ് നല്‍കി. 

ട്രംപ് ആസൂത്രണം ചെയ്തത് പോലെ യുഎസ് താരിഫ് പ്രാബല്യത്തില്‍ വന്നാല്‍ 155 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കാനഡ 25 ശതമാനം തീരുവ ചുമത്തുമെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ട്രൂഡോ പറഞ്ഞു. 30 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സാധനങ്ങള്‍ക്ക് ഉടനടി തീരുവ ചുമത്തിക്കൊണ്ടായിരിക്കും കാനഡയുടെ പ്രതികരണം. 21 ദിവസങ്ങള്‍ക്ക് ശേഷം ബാക്കി 125 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ചുമത്തും. ട്രംപിന്റെ താരിഫ് പിന്‍വലിക്കുന്നത് വരെ പ്രതികാര താരിഫുകള്‍ തുടരുമെന്നും ട്രൂഡോ വ്യക്തമാക്കി.