പെയ്‌മെന്റ് നല്‍കിയില്ലെങ്കില്‍ വൈദ്യുതിബന്ധം വിച്ഛേദിക്കുമെന്ന് അറിയിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്ന തട്ടിപ്പ് സംഘങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ടൊറന്റോ ഹൈഡ്രോ. ഇത്തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകളാണ് ലഭിച്ചതെന്നും തട്ടിപ്പ് മനസ്സിലാക്കാതെ ആളുകള്‍ പണം നല്‍കി വഞ്ചിക്കപ്പെടുന്നതായും ടൊറന്റോ ഹൈഡ്രോ പറഞ്ഞു. 2023 നെ അപേക്ഷിച്ച് 2024 ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തട്ടിപ്പുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായെന്നും ടൊറന്റോ ഹൈഡ്രോ അറിയിച്ചു. പണമായോ ക്രെഡിറ്റ് കാര്‍ഡ് പെയ്‌മെന്റുകളിലൂടെയോ ഉപഭോക്താക്കളില്‍ നിന്ന് പണം തട്ടിയെടുക്കുന്നതാണ് മിക്ക കേസുകളിലും കാണുന്നത്.
തട്ടിപ്പുകാര്‍ സാധാരണയായി ചെറുകിട ബിസിനസുകളെയാണ് ലക്ഷ്യമിടുന്നതെന്ന് ടൊറന്റോ ഹൈഡ്രോ പറയുന്നു. ടൊറന്റോ ഹൈഡ്രോയില്‍ നിന്നാണെന്ന് പറഞ്ഞ് വരുന്ന ഫോണ്‍കോളുകള്‍ക്ക് മറുപടി നല്‍കരുതെന്ന് കമ്പനി മുന്നറിയിപ്പ് നല്‍കുന്നു. അപരിചിതര്‍ക്ക് വ്യക്തിഗത വിവരങ്ങള്‍ നല്‍കുകയോ, ബാങ്ക്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളോ, അഡ്രസ്, അക്കൗണ്ട് വിവരങ്ങള്‍ തുടങ്ങിയവ നല്‍കുകയോ ചെയ്യരുതെന്ന് ടൊറന്റോ ഹൈഡ്രോ മുന്നറിയിപ്പ് നല്‍കി.
ഏതൊക്കെ കോണ്‍ടാക്റ്റുകളാണ് നിയമാനുസൃതമെന്ന് തങ്ങളുടെ ജീവനക്കാര്‍ക്ക് അറിയാന്‍ സഹായിക്കുന്നതിന് വ്യാപാര സ്ഥാപന ഉടമകള്‍ അവരുടെ യൂട്ടിലിറ്റി ദാതാക്കള്‍ ഉള്‍പ്പെടെ അവര്‍ ഉപയോഗിക്കുന്ന എല്ലാ കമ്പനി കളുടെയും ഒരു ലിസ്റ്റ് സമാഹരിക്കണമെന്ന് ടൊറന്റോ ഹൈഡ്രോ നിര്‍ദ്ദേശിക്കുന്നു. ഇ-ട്രാന്‍സ്ഫറുകള്‍, ബിറ്റ്‌കോയിന്‍ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള പ്രീ-പെയ്ഡ് കാര്‍ഡ് എന്നിവ പേയ്‌മെന്റിനായി ടൊറന്റോ ഹൈഡ്രോ ഒരിക്കലും സ്വീകരിക്കുന്നില്ലെന്നും വൈദ്യുതി ഉടന്‍ വിച്ഛേദിക്കുമെന്ന് ഭീഷണിപ്പെടുത്താറില്ലെന്നും പറഞ്ഞു. തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞാല്‍ ഉപഭോക്താക്കള്‍ക്ക് ടൊറന്റോ ഹൈഡ്രോയിലോ കനേഡിയന്‍ ആന്റി-ഫ്രോഡ് സെന്ററിലോ റിപ്പോര്‍ട്ട് ചെയ്യാമെന്ന് അറിയിച്ചു.