ഇലോൺ മസ്‌ക് വീണ്ടും അച്ഛനായി

By: 600110 On: Mar 4, 2025, 8:21 AM

 

ശതകോടീശ്വരനും  ടെസ്‌ല മേധാവിയുമായ ഇലോൺ മസ്‌ക് വീണ്ടും അച്ഛനായി. പതിനാലാമത്തെ കുഞ്ഞിനെയാണ് മസ്‌ക് വരവേറ്റത്. മസ്‌കിൻ്റെ പങ്കാളിയും ന്യൂറാലിങ്ക് ഡയറക്ടറുമായ ഷിവോൺ സിലിസാണ് കുഞ്ഞിന് ജന്മം നൽകിയത്. ഇരുവരുടെയും നാലാമത്തെ കുഞ്ഞാണിത്.  

കുഞ്ഞ് പിറന്ന വിവരം മസ്ക് എക്‌സിലൂടെയാണ് പങ്കുവെച്ചത്. സെൽഡൺ ലൈക്കർഗസ് എന്നാണ് കുഞ്ഞിന് പേര് നൽകിയത്. സിലിസിലുണ്ടായ മറ്റൊരു മകളായ അർക്കേഡിയയുടെ പിറന്നാൾ ദിനത്തിലാണ് മകൻ പിറന്നത്.  2021ലാണ് ഇവർക്ക് ആദ്യമായി കുഞ്ഞ് ജനിച്ചത്. ഇരട്ടക്കുട്ടികളെയാണ് ഇരുവരും ആദ്യമായി വരവേറ്റത്. സ്‌ട്രൈഡർ, ആസ്യൂർ എന്നാണ് ഇവരുടെ പേരുകൾ.  മറ്റൊരു പങ്കാളിയായ ഗായിക ഗ്രിംസിൽ മൂന്ന് കുഞ്ഞുങ്ങളാണ് മസ്‌കിനുള്ളത്. എക്‌സാഷ്-12, എക്‌സാ ഡാർക്ക് സിഡാറെൽ, ടെക്‌നോ മെക്കാനിക്കസ് എന്നിങ്ങനെയാണ് മക്കളുടെ പേരുകൾ. 

മൂന്ന് പങ്കാളികളിലായി മസ്‌കിന് 12 കുട്ടികളാണിപ്പോഴുള്ളത്. ഇതിനിടെ, മസ്‌കിന്റെ 13ആമത്തെ കുഞ്ഞിന് ജന്മം നൽകിയെന്ന് അവകാശപ്പെട്ട് എഴുത്തുകാരിയും ഇൻഫ്ലുവൻസറുമായ ആഷ്‌ലി സെയ്ന്റ് ക്ലയർ രംഗത്തെത്തിയിരുന്നു. ആഷ്‌ലിയുടെ വാദങ്ങളെ മസ്‌ക് അംഗീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ല.