കാനഡയ്‌ക്കും മെക്‌സിക്കോയ്‌ക്കും ചുമത്തിയ താരിഫുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ. നികുതി ചുമത്തുന്നത് ഒഴിവാക്കാനാകില്ലെന്നും നേരത്തേ തീരുമാനിച്ചത് പോലെ നടക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നും വരുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കും 25 ശതമാനം തീരുവയാണ് ചുമത്തുക. കാനഡയിൽ നിന്നുള്ള ഊർജ്ജ ഉല്പ്പന്നങ്ങൾക്ക് പത്ത് ശതമാനമാണ് തീരുവ. ഇതിന് പുറമെ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം അധിക നികുതിയും ഏർപ്പെടുത്തി. അതിർത്തി വഴി ഫെൻ്റനൈൽ അടക്കമുള്ള നിയമവിരുദ്ധമായ വസ്തുക്കൾ അമേരിക്കയിലേക്ക് വരുന്നത് തടയുകയാണ് ഈ താരിഫുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് ട്രംപ് പറഞ്ഞു. ചൈനയിൽ നിന്ന് കാനഡയും, മെക്സിക്കോയും വഴി യുഎസിലേക്ക് ഫെൻ്റനൈൽ ഒഴുകുന്നത് തുടരുകയാണെന്ന് ട്രംപ് പറഞ്ഞു.
താരിഫുകൾ ഫെബ്രുവരി നാലിന് പ്രാബല്യത്തിൽ വരുമെന്ന് ആദ്യം തീരുമാനിച്ചിരുന്നെങ്കിലും, പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായും മെക്സിക്കൻ പ്രസിഡൻ്റ് ക്ലോഡിയ ഷെയിൻബോമുമായും നടത്തിയ ഫോൺ സംഭാഷണത്തിന് ശേഷം ഒരു മാസത്തേക്ക് താരിഫുകൾ മാറ്റിവയ്ക്കാൻ ട്രംപ് തീരുമാനിച്ചിരുന്നു. യുഎസുമായുള്ള അതിർത്തികൾ സുരക്ഷിതമാക്കാൻ സമയം നൽകുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇരു രാജ്യങ്ങൾക്കും 30 ദിവസത്തെ ഇടവേള അനുവദിച്ചത്. കാനഡയും മെക്സിക്കോയും അതിർത്തികൾ സുരക്ഷിതമാക്കുന്നതിന് ന്യായമായ നടപടികൾ സ്വീകരിച്ചുവെന്ന് യുഎസ് കൊമേഴ്സ് സെക്രട്ടറി ഹൊവാർഡ് ലുട്നിക് പറഞ്ഞത് ഇരു രാജ്യങ്ങൾക്കും പ്രതീക്ഷ നല്കിയിരുന്നു. എന്നാൽ ഇനി ചർച്ചയ്ക്ക് സാധ്യതയില്ലെന്നും തീരുവകൾ ചൊവ്വാഴ്ച മുതൽ തന്നെ പ്രാബല്യത്തിൽ വരുമെന്നും ട്രംപ് വ്യക്തമാക്കുകയായിരുന്നു.