കണ്ണുകളിൽ പല്ലുകൾ സ്ഥാപിച്ച് കാഴ്ച പുനസ്ഥാപിക്കുന്ന അപൂർവ്വ ശസ്ത്രക്രിയ കാനഡയിൽ

By: 600110 On: Mar 3, 2025, 4:05 PM

 

കാഴ്ച പുനഃസ്ഥാപിക്കുന്നതിനായി രോഗിയുടെ കണ്ണുകളിൽ പല്ലുകൾ വെച്ചുപിടിപ്പിക്കുക. ഞെട്ടേണ്ട.  സംഗതി സത്യമാണ്. ഈ അപൂർവ്വ ശസ്ത്രക്രിയ നടന്നതാകട്ടെ കാനഡയിലും. പല്ലിൽ ടെലിസ്കോപ്പിക് ലെൻസ് ഘടിപ്പിച്ച് കാഴ്ച പുനഃസ്ഥാപിക്കുക എന്നതാണ് ശസ്ത്രക്രിയയുടെ ലക്ഷ്യം.

രോഗിയുടെ പല്ല്, നീക്കം ചെയ്ത് അതിനുള്ളിൽ ഒരു പ്ലാസ്റ്റിക് ഒപ്റ്റിക്കൽ ലെൻസ് സ്ഥാപിക്കുന്നു,തുടർന്ന് മുഴുവൻ പല്ലും കണ്ണിൽ ഘടിപ്പിക്കുന്നു ഇതാണ് ശസ്ത്രകിയ. പതിറ്റാണ്ടുകൾ പഴക്കമുള്ള ശസ്ത്രകിയ ആണെങ്കിൽ കൂടി കാനഡയിൽ ആദ്യമായാണ് ഇത് നടക്കുന്നത് . പല്ലുകളിൽ ഡെൻ്റൈൻ ഉണ്ട്. അത് ശരീരം ഉത്പാദിപ്പിക്കുന്ന ഏറ്റവും കാഠിന്യമുള്ള വസ്തുവാണ്. അതിനാൽ പ്ലാസ്റ്റിക് ലെൻസും രോഗിയുടെ കണ്ണും ബന്ധിപ്പിക്കുന്നതിന് ഇത് അനുയോജ്യമായ കേസിംഗ് ആണെന്ന് വാൻകൂവറിലെ മൗണ്ട് സെൻ്റ് ജോസഫ് ആശുപത്രിയിലെ നേത്രരോഗവിദഗ്ദ്ധനും സർജനുമായ ഡോ. ഗ്രെഗ് മോളോണി പറയുന്നു. പൊതുവെ പുറമെ നിന്ന് വരുന്ന എന്തിനെയും നിരസിക്കുന്ന പ്രവണതയുണ്ട് മനുഷ്യശരീരത്തിന്. എന്നാൽ പല്ല് നമ്മുടെ സ്വന്തം ശരീരത്തിലുള്ള വസ്തു തന്നെ ആയതിനാൽ നിരസിക്കാൻ സാധ്യത കുറവാണെന്നും മോളോണി പറയുന്നു. ഈ ആഴ്ച മൂന്ന്  ശസ്ത്രക്രിയകൾക്കാണ്  മൊളോണി നേതൃത്വം നൽകിയത്. എല്ലാം സുഗമമായി നടന്നു എങ്കിലും രോഗികളെ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് അദ്ദേഹം പറഞ്ഞു