ഐറിഷ്, യുകെ പൗരത്വം ഉപേക്ഷിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ലിബറൽ പാർട്ടി നേതാവ് മാർക്ക് കാർണി

By: 600110 On: Mar 3, 2025, 2:52 PM

 

ഐറിഷ്, യുകെ പൗരത്വം ഉപേക്ഷിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ലിബറൽ പാർട്ടിയുടെ അധ്യക്ഷനാകാൻ സാധ്യതയുള്ള നേതാവായ മാർക്ക് കാർണി. ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിക്കാൻ ആവശ്യപ്പെട്ട് ബ്രിട്ടീഷ്, ഐറിഷ് സർക്കാരുകൾക്ക് കത്തെഴുതിയതായും കാർണി പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഓക്ക്‌വില്ലിൽ നടന്ന ഒരു നേതൃത്വ പരിപാടിയിലാണ്  പ്രധാനമന്ത്രി എന്ന നിലയിൽ തനിക്ക് ഒരു പൗരത്വം മാത്രമേ ഉണ്ടാകാവൂ എന്നാണ് തന്റെ വിശ്വാസമെന്ന് കാർണി മാധ്യമപ്രവർത്തകരോട് പറഞ്ഞത്. 

കാനഡയിൽ ജനിച്ച കാർണിക്ക് പതിറ്റാണ്ടുകളായി ഐറിഷ് പൗരത്വം കൂടിയുണ്ട്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണറായി സേവനമനുഷ്ഠിക്കാൻ തുടങ്ങി അഞ്ച് വർഷത്തിന് ശേഷം 2018ൽ അദ്ദേഹത്തിന് ബ്രിട്ടീഷ് പൗരത്വവും ലഭിച്ചു. നിരവധി പാസ്‌പോർട്ടുകളുള്ള നിരവധി ഹൗസ് ഓഫ് കോമൺസ് അംഗങ്ങൾ" ഉണ്ടെന്ന് മാർക്ക് കാർണി പറഞ്ഞു. കൺസർവേറ്റീവുകൾ പോലുള്ള മറ്റ് ഫെഡറൽ രാഷ്ട്രീയ പാർട്ടികളുടെ പല നേതാക്കളും ഒന്നിലധികം പൗരത്വം നിലനിർത്തുന്നവരാണെന്നും മുൻ ബാങ്ക് ഓഫ് കാനഡ ഗവർണർ കൂടിയായ കാർണി കൂട്ടിച്ചേർത്തു. ഞാൻ മറ്റുള്ളവരെ വിധിയെഴുതുകയല്ല. പ്രധാനമന്ത്രിയെന്ന നിലയിൽ തനിക്ക് ഒരു പൌരത്വം മാത്രമെ ഉണ്ടാകൂ എന്ന് മാത്രമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2015ലെ പാർലമെൻ്റ് അംഗങ്ങളിൽ 56 പേർ വിദേശത്ത് ജനിച്ചവരെന്നും 22ളം പേർക്ക് മറ്റ് രാജ്യങ്ങളുടെ പൌരത്വം ഉള്ളവരാണെന്നും സിബിസി ന്യൂസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു.