കാനഡയ്ക്കും മെക്സിക്കോയ്ക്കുമുള്ള താരിഫ് ചൊവ്വാഴ്ച മുതൽ നിലവിൽ വരുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക് . എന്നാൽ 25 ശതമാനം നികുതി എന്നതിൽ മാറ്റങ്ങൾ ഉണ്ടായേക്കുമെന്നും ഹോവാർഡ് ലുട്‌നിക് പറഞ്ഞു.
മാർച്ച് നാല് മുതൽ കാനഡയ്ക്കും മെക്സിക്കോയ്ക്കും താരിഫ് ബാധകമാകുമെന്നും, എന്നാൽ എത്ര ശതമാനമെന്ന കാര്യത്തിൽ പ്രസിഡൻ്റ് ഡോൺൾഡ് ട്രംപിൻ്റേതായിരിക്കും അന്തിമ തീരുമാനമെന്നും ഹോവാർഡ് ലുട്‌നിക് പറഞ്ഞു. ഫോക്സ് ന്യൂസിൻ്റെ സൺഡേ മോർണിംഗ് ഫ്യൂച്ചേഴ്‌സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു പ്രതികരണം.
ഇരു രാജ്യങ്ങൾക്കുമെതിരെ 25 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് പ്രസിഡൻ്റ് ട്രംപ് വ്യക്തമാക്കിയതിന് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് സെക്രട്ടറിയുടെ പരാമർശങ്ങൾ. ഇരു രാജ്യങ്ങളിൽ നിന്നും യുഎസിലേക്കുള്ള ഫെൻ്റനൈലിൻ്റെയും കുടിയേറ്റക്കാരുടെയും ഒഴുക്കുമായി ബന്ധപ്പെട്ടായിരിക്കും താരിഫ് സംബന്ധിച്ച് തീരുമാനം എടുക്കുകയെന്ന് ട്രംപ് പറഞ്ഞിരുന്നു. തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെയായിരുന്നു ട്രംപിൻ്റെ പ്രതികരണം. താരിഫുകൾ ഉണ്ടാകാതിരിക്കാൻ വേണ്ട നടപടികളെടുക്കുമെന്നായിരുന്നു കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൽ ട്രൂഡോ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.