ഒന്റാരിയോയില്‍ അഞ്ചാംപനി പടര്‍ന്നുപിടിക്കുന്നു; വാക്‌സിനേഷന്‍ നിരക്കുകള്‍ കുറയുന്നത് ആശങ്കയുണ്ടാക്കുന്നു 

By: 600002 On: Mar 3, 2025, 10:25 AM

 

ഒന്റാരിയോയില്‍ അഞ്ചാംപനി പടര്‍ന്നുപിടിക്കുന്നതായി പബ്ലിക് ഹെല്‍ത്ത് ഒന്റാരിയോ. ഏകദേശം 30 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നിരക്കിലാണ് അഞ്ചാംപനി കേസുകള്‍ പ്രവിശ്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടാഴ്ചയ്ക്കുള്ളിലാണ് കേസുകള്‍ ഇരട്ടിയായത്. 2013 നും 2023 നും ഇടയില്‍ പ്രവിശ്യയില്‍ രേഖപ്പെടുത്തിയത് മൊത്തം 101 കേസുകളാണ്. ഈ വര്‍ഷം ആകെ 140 ല്‍ അധികം മീസില്‍സ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് പബ്ലിക് ഹെല്‍ത്ത് ഒന്റാരിയോ പറഞ്ഞു. 

മിക്കവാറും എല്ലാ പുതിയ കേസുകളും ഒക്ടോബറില്‍ ആരംഭിച്ച ഇന്റര്‍പ്രവിശ്യാ വ്യാപനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഹെല്‍ത്ത് ഏജന്‍സി അറിയിച്ചു. ഒന്റാരിയോയില്‍ 177 പേര്‍ക്ക് രോഗം ബാധിച്ചു. ന്യൂബ്രണ്‍സ്‌വിക്കിലും മാനിറ്റോബയിലും വൈറസ് പടരുകയും ചെയ്തു. അഞ്ചാം പനി ഒന്റാരിയോയില്‍ പൊട്ടിപ്പുറപ്പെട്ടത് സൗത്ത് വെസ്റ്റേണ്‍, ഗ്രാന്‍ഡ് എറി എന്നീ പൊതുജനാരോഗ്യ മേഖലകളിലാണ്. തീവ്രപരിചരണം ആവശ്യമുള്ള ഒരാള്‍ ഉള്‍പ്പെടെ 18 കുട്ടികളെ രോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

മാര്‍ച്ചില്‍ അവധിക്കാലം അടുത്തുവരവേ വിമാനത്താവളങ്ങളിലും മറ്റ് സ്ഥലങ്ങളിലും വൈറസ് പടരാന്‍ സാധ്യത ഏറെയാണ്. രോഗം ബാധിക്കാതിരിക്കാന്‍ പ്രതിരോധത്തിന് ഏറ്റവും നല്ല മാര്‍ഗം വാക്‌സിനേഷനാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. വാക്‌സിനേഷന്‍ നിരക്ക് കുറയുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ എല്ലാവരും അഞ്ചാംപനിക്കെതിരെ പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഹെല്‍ത്ത് ഏജന്‍സി മുന്നറിയിപ്പ് നല്‍കി.