പക്ഷിയിടിച്ച് തീപിടിച്ചതിനെ തുടർന്ന് ഫെഡ്എക്സ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു

By: 600110 On: Mar 3, 2025, 9:45 AM

 

ഫെഡ്എക്സ് വിമാനത്തിന് തീപിടിച്ചതിനെ തുടർന്ന് അടിയന്തരമായി ലാൻഡ് ചെയ്തു. ന്യൂജേഴ്സിയിലെ നേവാർക്ക് വിമാനത്താവളത്തില്‍ നിന്ന് പറന്നുയർന്ന ഉടനെയാണ് സംഭവം ഉണ്ടായത്. ബോയിംഗ് 767-3S2F എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിച്ച ഉടനെ വിമാനം അടിയന്തര ലാൻ്റിം​ഗ് നടത്തി. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 

വിമാനത്തിൽ പക്ഷി ഇടിച്ചതാണ് പെട്ടെന്നുള്ള തീപിടിത്തത്തിന് കാരണമെന്ന് ന്യൂയോർക്ക്, ന്യൂജേഴ്സി പോർട്ട് അതോറിറ്റിയും ഫെഡ്എക്സും അറിയിച്ചു. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് പക്ഷിയിടിച്ചത്, തുടർന്ന്  എഞ്ചിൻ തകരാറിലാവുകയായിരുന്നു എന്ന് അധികൃതർ പറഞ്ഞു. ശനിയാഴ്ച രാവിലെ എട്ട് മണിയോടെ പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിലാണ് വിമാനത്തിന്റെ വലതുവശത്തെ എഞ്ചിനിൽ നിന്ന് തീ പുറത്തേക്ക് വന്നത്. സംഭവത്തിൽ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻ‌ടി‌എസ്‌ബി) അന്വേഷണം ആരംഭിച്ചു. രാവിലെ 9:30 ന് വിമാനം പരിശോധിക്കുകയും അറ്റകുറ്റപ്പണി നടത്തുകയും യാത്ര തുടരാൻ അനുമതി നൽകുകയും ചെയ്തുവെന്നും അധികൃതര്‍ അറിയിച്ചു. സമീപകാലത്ത് പക്ഷിയിടിച്ചുള്ള അപകടങ്ങൾ കൂടി വരികയാണെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. 2023ൽ മാത്രം അമേരിക്കയിലെ 713 വിമാനത്താവളങ്ങളിലായി 19000ളം പക്ഷിയിടിച്ചുള്ള സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.