തെക്കൻ ചൈനയിൽ ഒരു യുവതി സ്വർണത്തിന്റെ പാത്രത്തിൽ പാകം ചെയ്ത ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. 1 കിലോ ഭാരമുള്ളതും 700,000 യുവാൻ അതായത്, ഏകദേശം 84 ലക്ഷം രൂപ വിലയുള്ളതുമായ ഒരു സ്വർണ്ണ പാത്രത്തിലാണ് ഈ ഭക്ഷണം പാകം ചെയ്തിരിക്കുന്നത്. എന്തായാലും, അവിശ്വസനീയമായ ഈ ഹോട്പോട്ട് അതിവേഗത്തിലാണ് ചൈനയിലെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധയാകർഷിച്ചത്.
ചൈനയിലെ സ്വർണാഭരണങ്ങളുടെ പ്രധാന കേന്ദ്രമായ ഷുയിബെയിൽ സ്വർണത്തിന്റെ രണ്ട് ഹോൾസെയിൽ കടകൾ നടത്തുന്ന ആളാണ് വൈറലായ വീഡിയോയിൽ ഉള്ള യുവതി. തന്റെ മുന്നിലിരിക്കുന്ന സ്വർണത്തിന്റെ പാത്രം ഒരു കസ്റ്റം ഓർഡറാണ് എന്നാണ് അവർ പറയുന്നത്. തന്റെ സുഹൃത്തിന്റെ ഫാക്ടറിയിലാണ് ഇത് നിർമ്മിച്ചത് എന്നും അവർ പറയുന്നു.
തന്റെ ബിസിനസിൽ താൻ സ്വർണ്ണാഭരണങ്ങൾ ഒരുപാട് കണ്ടിട്ടുണ്ട്. അത്തരം ഓർഡറുകളും ഒരുപാടു കിട്ടാറുണ്ട്. എന്നാൽ, സ്വർണം കൊണ്ട് ഒരു പാത്രം തന്നെ ഉണ്ടാക്കാൻ ഒരാൾ ആവശ്യപ്പെടുന്നത് ആദ്യമായിട്ടാണ് എന്നും അവർ പറയുന്നു.
മറ്റൊരാൾക്ക് വേണ്ടി തയ്യാറാക്കിയ പാത്രമായതിനാൽ തന്നെ അവരോട് അനുവാദം ചോദിച്ച ശേഷമാണ് താൻ ഈ വീഡിയോ ചിത്രീകരിച്ചത്. അപൂർവങ്ങളിൽ അപൂർവമായ ഈ പാത്രം വാങ്ങുന്നയാളുടെ കയ്യിലെത്തും മുമ്പ് വീഡിയോ എടുത്ത് വയ്ക്കാൻ തോന്നി എന്നും അവർ പറയുന്നു.
എന്നാലും ഈ സ്വർണപാത്രം കൊണ്ട് തന്റെ ക്ലയന്റ് എന്താണ് ചെയ്യാൻ പോകുന്നത് എന്ന് തനിക്ക് അറിയില്ല എന്നും യുവതി പറയുന്നു. അതിൽ പാകം ചെയ്തപ്പോഴുണ്ടായ അനുഭവത്തെ കുറിച്ചും അവർ പറയുന്നുണ്ട്. സ്വർണപാത്രം ആയതുകൊണ്ട് അത് എളുപ്പം ചൂടാവുന്നുണ്ട്. എന്നാൽ, അത് ഭക്ഷണത്തിന്റെ രുചിയിൽ മാറ്റമൊന്നും ഉണ്ടാക്കുന്നില്ല എന്നും അവർ വെളിപ്പെടുത്തി.