ഒൻ്റാരിയോയിൽ തുടർച്ചയായി മൂന്നാം തവണയും പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടി അധികാരത്തിലേക്ക്

By: 600110 On: Mar 1, 2025, 2:50 PM

 

ഒൻ്റാരിയോയിൽ തുടർച്ചയായി മൂന്നാം തവണയും  പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടി തന്നെ ഭൂരിപക്ഷം നേടി അധികാരത്തിലേക്ക്. എന്നാൽ  കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ  സീറ്റുകൾ കുറവാണ്. പ്രചാരണത്തിന്റെ തുടക്കത്തിൽ ഡഗ് ഫോർഡ് ലക്ഷ്യം വെച്ച വർദ്ധിച്ച ഭൂരിപക്ഷത്തേക്കാൾ കുറവാണ് ഇപ്പോൾ നേടാൻ കഴിഞ്ഞിട്ടുള്ളത്. 

ഒൻ്റാരിയോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനവിധി" തനിക്ക് ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഫോർഡ് ഈ സ്നാപ്പ് വോട്ടെടുപ്പിനെ നേരിട്ടത്. എന്നാൽ തിരഞ്ഞെടുപ്പ് നിലവിലെ അധികാര- രാഷ്ട്രീയാവസ്ഥകളിൽ കാര്യമായ മാറ്റമൊന്നും വരുത്തിയിട്ടില്ല. 80 സീറ്റുകളിൽ പ്രോഗ്രസീവ് കൺസർവേറ്റീവുകൾ തിരഞ്ഞെടുക്കപ്പെട്ടു. 63 സീറ്റുകളായിരുന്നു ഭൂരിപക്ഷത്തിനായി വേണ്ടത്. എന്നാൽ 2022 ൽ അവർ നേടിയ 83 സീറ്റുകളെ അപേക്ഷിച്ച് മൂന്ന് സീറ്റുകൾ കുറവാണ് ഇത്തവണ. നമ്മൾ ഒരുമിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുന്നുവെന്നായിരുന്നു തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷമുള്ള ഫോർഡിൻ്റെ പ്രതികരണം. പുതിയ നേതാവായ ബോണി ക്രോംബിയുടെ കീഴിലുള്ള ലിബറൽ പാർട്ടി, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിന്ന് ഏകദേശം ഇരട്ടി സീറ്റുകൾ നേടി ഔദ്യോഗിക പാർട്ടി പദവി തിരിച്ചുപിടിച്ചതാണ് തെരഞ്ഞെടുപ്പിലെ ശ്രദ്ധേയ നേട്ടങ്ങളിലൊന്ന്. പാർട്ടിക്ക് 14 സീറ്റുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ മിസിസാഗ ഈസ്റ്റ്-കുക്സ്‌വില്ലയിൽ മല്സരിച്ച ക്രോംബി പരാജയപ്പെട്ടു. പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടി സ്ഥാനാർത്ഥി സിൽവിയ ഗ്വാൾട്ടിയേരിയോട് 1,200 വോട്ടുകൾക്കാണ് ക്രോംബി പരാജയപ്പെട്ടത്. ഒരു വർഷത്തോളം കാലാവധി ബാക്കിയിരിക്കെയാണ് ഫോർഡ് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൽ നിന്നുള്ള തീരുവ ഭീഷണിയെ നേരിടാൻ കഴിവുള്ള  വ്യക്തിയായി സ്വയം പ്രഖ്യാപിച്ചു കൊണ്ടായിരുന്നു ഫോർഡ് നേരത്തേ തന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.