ആദായനികുതിയിൽ ഇളവുകൾ പ്രഖ്യാപിച്ചതിനെ ന്യായീകരിച്ച് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്

By: 600110 On: Mar 1, 2025, 2:20 PM

 

 

സാമ്പത്തിക പ്രതിസന്ധി ഉണ്ടായിട്ട് പോലും ആദായനികുതിയിൽ ഇളവുകൾ പ്രഖ്യാപിച്ചതിനെ ന്യായീകരിച്ച് പ്രീമിയർ ഡാനിയേൽ സ്മിത്ത്.  5.2 ബില്യൺ ഡോളറിന്റെ കമ്മി ഉണ്ടായിരുന്നിട്ടും  ജനങ്ങൾക്ക് വേണ്ടിയാണ് നികുതി ഇളവുകൾ പ്രഖ്യാപിച്ചതെന്ന് ഡാനിയേൽ സ്മിത്ത് പറയുന്നു. എന്നാൽ ഒരു കൈകൊണ്ട് കൊടുക്കുകയും മറു കൈകൊണ്ട് അത് എടുക്കുകയും ചെയ്യുന്ന നടപടിയാണ് സർക്കാരിൻ്റേതെന്നാണ് വിമർശകരുടെ  ആരോപണം.  

ജനങ്ങൾക്ക്  ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ കൂടുതൽ പണം വേണമെന്ന് മനസ്സിലായതിനാലാണ്, കമ്മി ഉണ്ടാക്കുമെങ്കിൽക്കൂടി നികുതി ഇളവ് നല്കുന്നതെന്ന് ഡാനിയേൽ സ്മിത്ത് പറഞ്ഞു. 
 ബജറ്റ് അവതരിപ്പിച്ചതിന് തൊട്ടടുത്ത ദിവസമാണ് സ്മിത്തിൻ്റെ പ്രതികരണം പുറത്ത് വന്ന്. എന്നാൽ ആൽബെർട്ടയിലെ വലിയൊരു വിഭാഗത്തിന് നികുതി ഇളവ് വലിയ ആശ്വാസം നല്കിയേക്കില്ല. കാരണം ബജറ്റിൽ എജ്യൂക്കേഷൻ പ്രോപ്പർട്ടി ടാക്സ് കൂട്ടിയിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി വീടുള്ളവർക്ക് പ്രതിവർഷം 200 ഡോളറിൽ കൂടുതൽ നൽകേണ്ടിവരുമെന്നാണ് കണക്കു കൂട്ടൽ. വൻതോതിലുള്ള ജനസംഖ്യാ വളർച്ചയെ നേരിടാൻ ഈ തീരുമാനം അനിവാര്യമാണെന്നാണ് സർക്കാരിൻ്റെ വാദം. 28.5 ശതമാനത്തിൽ നിന്ന് 31 ശതമാനമാക്കിയാണ് എജ്യൂക്കേഷൻ പ്രോപ്പർട്ടി ടാക്സ് വർധിപ്പിച്ചിട്ടുള്ളത്.  5.2 ബില്യൺ ഡോളറിൻ്റെ കമ്മിയാണ് ബജറ്റിൽ പ്രതീക്ഷിക്കുന്നത്. ആദായനികുതി ഇളവുകളുടെ ഭാഗമായി ഒരു ബില്യൺ ഡോളറിൻ്റെ നഷ്ടമാണ് സർക്കാരിനുണ്ടാവുക. നികുതിയിളവിലൂടെ നികുതിദായകർക്ക് 750 ഡോളർ വരെ ലാഭിക്കാൻ കഴിയും.