ബ്രാംപ്ടണില്‍ നിയമപാലകനെന്ന വ്യാജേന യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍ 

By: 600002 On: Mar 1, 2025, 12:54 PM

 


ബ്രാംപ്ടണില്‍ ലോ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥനെന്ന വ്യാജേന യുവതിയെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ വംശജനെ പീല്‍ റീജിയണല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 25 ന് ബ്രാംപ്ടണിലെ ബോവയേര്‍ഡ് ഡ്രൈവ്, എയര്‍പോര്‍ട്ട് റോഡിന് സമീപമാണ് സംഭവമുണ്ടായത്. കേസില്‍ ബ്രാംപ്ടണ്‍ സ്വദേശിയായ മഞ്ജീന്ദര്‍ കല്‍റ(32) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, ലോ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥനായി ആള്‍മാറാട്ടം, മോഷണം, വഞ്ചന തുടങ്ങി നിരവധി കുറ്റങ്ങള്‍ ചുമത്തിയതായി പോലീസ് വ്യക്തമാക്കി. 
 

യുവതിയുടെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് പരിശോധിച്ച് ഉചിതമായ രേഖകള്‍ നല്‍കാന്‍ പ്രതി ആവശ്യപ്പെടുകയായിരുന്നു. ഇല്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഭയന്നുപോയ യുവതി രേഖകളെടുക്കാനായി വീട്ടിലെത്തിയപ്പോള്‍ പ്രതി തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതിയെ മോചിപ്പിക്കണമെങ്കില്‍ പണം നല്‍കണമെന്ന് വീട്ടുകാരെ ഭീഷണിപ്പെടുത്തി. യുവതിയെ കാണാതായതോടെ വീട്ടുകാര്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തു. 

പോലീസെത്തി നടത്തിയ പരിശോധനയില്‍ യുവതിയെയും പ്രതിയെയും കണ്ടെത്താന്‍ കഴിഞ്ഞു. യുവതിക്ക് ശാരീരിക പരുക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.