ടൊറന്റോ വിമാനത്താവളത്തില്‍ പിടിച്ചിട്ടിരിക്കുന്ന റഷ്യന്‍ കാര്‍ഗോ വിമാനത്തിന്റെ ഉടമസ്ഥാവകാശം നേടാനുള്ള നീക്കത്തില്‍ കാനഡ

By: 600002 On: Mar 1, 2025, 12:25 PM

 


ടൊറന്റോയില്‍ പിടിച്ചിട്ടിരിക്കുന്ന റഷ്യന്‍ കാര്‍ഗോ വിമാനത്തിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി ഭരണപരമായ നടപടികള്‍ കൈക്കൊള്ളുന്നതായി കനേഡിയന്‍ സര്‍ക്കാര്‍ അറിയിച്ചു. ഉക്രെയിന് സാമ്പത്തിക സഹായം നല്‍കാന്‍ ഇതുവഴി സാധിക്കുമെന്നാണ് കനേഡിയന്‍ അധികൃതര്‍ പ്രതീക്ഷിക്കുന്നത്. 

പ്ലെയിന്‍ പ്രോപ്പര്‍ട്ടി റെന്‍ഡര്‍ ചെയ്യാനുള്ള കോടതി ഉത്തരവ് തേടിക്കൊണ്ട് ഫെഡറല്‍ സര്‍ക്കാര്‍ വിമാനം കണ്ടുകെട്ടാനുള്ള നടപടികള്‍ വേഗത്തില്‍ നീക്കുമെന്നാണ് കരുതുന്നതെന്ന് ഓട്ടവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രേഡ് ലോയര്‍ വില്യം പെല്ലറിന്‍ പറഞ്ഞു. 2022 ഫെബ്രുവരി മുതല്‍ ടൊറന്റോ പിയേഴ്‌സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടാര്‍മാര്‍ക്കില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വിമാനം 2023 ജൂണില്‍ ഫെഡറല്‍ സര്‍ക്കാര്‍ ഔദ്യോഗികമായി പിടിച്ചെടുത്തു. 25 മാസമായി വിമാനം അവിടെ നിന്നും അനങ്ങിയിട്ടില്ല. 

റഷ്യയില്‍ രജിസ്റ്റര്‍ ചെയ്ത അന്റോനോവ് എഎന്‍-124 എന്ന വിമാനം കാനഡ അനുമതി നല്‍കിയ വോള്‍ഗ-ഡ്‌നെപ്പറിന്റെ ഉടമസ്ഥതതയിലുള്ളതാണ്.  ലോകത്തിലെ ഏറ്റവും വലിയ വിമാനങ്ങളിലൊന്നാണിത്. ഉക്രെയിനിലെ അധിനിവേശത്തില്‍ സൈനിക സാമഗ്രികള്‍ എത്തിക്കാന്‍ റഷ്യ ഇത് ഉപയോഗിക്കുമെന്ന ഭയത്തിലാണ് വിമാനം പിടിച്ചെടുത്തിരിക്കുന്നത്.