ട്രംപിന്റെ ഭരണം ഭയാനകം; അമേരിക്ക വിട്ട് ന്യൂസിലാന്‍ഡിലേക്ക് മാറുന്നതായി സംവിധായകന്‍ ജെയിംസ് കാമറൂണ്‍ 

By: 600002 On: Mar 1, 2025, 11:31 AM

 

അമേരിക്കന്‍ പ്രസിഡന്റായുള്ള ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം വരവ് ഭയാനകമാണെന്ന് പ്രശസ്ത ഹോളിവുഡ്‌ സംവിധായകന്‍ ജെയിംസ് കാമറൂണ്‍. ട്രംപിന്റെ അമേരിക്കയില്‍ നിന്നും രക്ഷപ്പെട്ട് ന്യൂസിലാന്‍ഡിലേക്ക് താമസം മാറാനുള്ള പദ്ധതിയെക്കുറിച്ചും കാമറൂണ്‍ സൂചന നല്‍കുന്നുണ്ട്. സ്റ്റഫ് എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

ഒന്റാരിയോയിലെ കപുസ്‌കാസിംഗിലാണ് കാമറൂണ്‍ ജനിച്ചത്. ടൈറ്റാനിക്, അവതാര്‍ പോലുള്ള ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍ നിര്‍മിച്ച കാമറൂണ്‍ ട്രംപ് ഭരണകൂടത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. ''ചരിത്രപരമായി എന്തിനുവേണ്ടിയാണോ അമേരിക്ക നിലകൊണ്ടത് അതിനുവേണ്ടി നിലകൊള്ളുന്നില്ലെങ്കില്‍ അമേരിക്കയ്ക്ക് നിലനില്‍പ്പില്ല. അവരുടെ സ്വന്തം നേട്ടത്തിനായി അവര്‍ അത് കഴിയുന്നത്ര വേഗത്തില്‍ പൊള്ളയായ കാര്യങ്ങള്‍ ചെയ്യുകയാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്'', ട്രംപ് ഭരണകൂടത്തെ സൂചിപ്പിച്ചുകൊണ്ട് കാമറൂണ്‍ പറഞ്ഞു.