വാഷിംഗ്ടൺ: ലോകം പ്രതീക്ഷയോടെ കാത്തിരുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് - യുക്രൈൻ പ്രസിഡന്റ് വ്ളാദിമിര്‍ സെലൻസ്കി കൂടിക്കാഴ്ചയിൽ അസാധാരണ രംഗങ്ങൾ. നേതാക്കൾ തമ്മിൽ അതിരൂക്ഷമായ വാക്പോരാണ് ഉണ്ടായത്. വൈറ്റ് ഹൗസ് വിട്ട് പുറത്തുപോകാൻ സെലൻസ്കിയോട് ട്രംപ് ആജ്ഞാപിച്ചു. മൂന്നാം ലോക മഹായുദ്ധത്തിന് ശ്രമിക്കുകയാണോയെന്നും ട്രംപ് ചോദിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സെലൻസ്കിക്ക് സമാധാനം പുലരണമെന്ന് താൽപ്പര്യമില്ലെന്നും അനാദരവ് കാട്ടിയെന്നും ട്രംപും വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസും ആഞ്ഞടിച്ചു. ട്രംപിന്റെ എല്ലാ നിർദ്ദേശങ്ങളും സെലന്‍സ്കി തള്ളി. വാൻസ് യുക്രൈൻ സന്ദർശിച്ചിട്ടുണ്ടോ എന്ന മറുചോദ്യം സെലസ്കി ഉന്നയിച്ചു. വിഷയത്തില്‍ മൗനം പാലിക്കുകയാണ് ഇന്ത്യ. സ്ഥിതി നിരീക്ഷിക്കാനാണ് ഇന്ത്യയുടെ നീക്കം.
വൈറ്റ്ഹൗസിലെ ഓവൽ ഓഫീസില്‍ അസാധാരണ സംഭവങ്ങളാണ് ഇന്നലെ നടന്നത്. മാധ്യമങ്ങളുടെ സാന്നിധ്യത്തിലാണ് ഓവൽ ഓഫീസിലെ ചർച്ച തുടങ്ങിയത്. വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോ ഇല്ലാതെയായിരുന്നു ചർച്ച. വൈസ് പ്രസിഡന്റും യുക്രെയ്ന്റെ രൂക്ഷ വിമർശകനുമായ ജെഡി വാൻസുമാണ് വിദേശകാര്യ സെക്രട്ടറിക്ക് പകരമുണ്ടായിരുന്നത്. യുക്രെയ്ൻ പ്രസിഡന്റിനെ വിളിച്ചുവരുത്തി അപമാനിച്ചു എന്ന് പിന്നീട് സംഭവിച്ച കാര്യങ്ങളെ ചുരുക്കി പറയാം. അമേരിക്കന്‍ പ്രസിഡന്റ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയും തമ്മില്‍ അതി രൂക്ഷമായ പരസ്യ വാക്പോരിനാണ് ലോകം സാക്ഷിയായി. തർക്കത്തിന് പിന്നാലെ സംയുക്ത വാർത്താസമ്മേളനം റദ്ദാക്കി.
യുദ്ധം അവസാനിപ്പിക്കേണ്ടത് നയതന്ത്രത്തിലൂടെയാണെന്ന വാൻസിന്റെ വാക്കുകളോട് എന്തുതരം നയതന്ത്രം എന്ന് സെലൻസ്കി തിരിച്ച് ചോദിച്ചു. റഷ്യൻ പ്രസിഡന്റ് പലതവണ ധാരണകൾ ലംഘിച്ചതിന്റെ ഉദാഹരണങ്ങൾ എണ്ണിപ്പറഞ്ഞു. ഇതോടെ വാന്‍സ് ക്ഷുഭിതനായി. അനാദരവ് കാട്ടുന്നു എന്നാരോപിച്ച് തർക്കമായി. പിന്നാലെ വാക്കുതർക്കം ട്രംപ് ഏറ്റെടുത്തു. സുരക്ഷാ വ്യവസ്ഥ വേണമെന്ന് പറയാൻ നിങ്ങൾക്ക് അവകാശമില്ലെന്നും മൂന്നാംലോകമഹായുദ്ധമാണോ ലക്ഷ്യമെന്നും ട്രംപ് ചോദിച്ചു. യുക്രെയ്ന് ഇത്രയും കാലം ഫണ്ട് നൽകിയതിന് ബൈഡനെ വിഢ്ഢിയായ പ്രസിഡന്റ് എന്ന് വിളിച്ച് പരിഹസിക്കുകയും ചെയ്തു. പിന്നെ അധികനേരം ചർച്ച നീണ്ടില്ല. സംയുക്ത വാർത്താസമ്മേളനം റദ്ദാക്കി.