ദില്ലി: ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് വളരെക്കാലമായി ഉപയോക്താക്കൾക്ക് പേയ്‌മെന്‍റ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. ഇതിനായി യുപിഐ ഉപയോഗിക്കാം. ഇപ്പോഴിതാ യുപിഐ ലൈറ്റ് ഫീച്ചർ ഉടൻ തന്നെ ആപ്പിൽ ചേർക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇത് ഉപയോക്താക്കൾക്ക് വേഗത്തിലും എളുപ്പത്തിലും പേയ്‌മെന്‍റുകൾ നടത്താനുള്ള ഓപ്ഷൻ നൽകും.
വാട്‌സ്ആപ്പ് പേയ്‌മെന്‍റ് സിസ്റ്റത്തിൽ ഈ പുതിയ സവിശേഷത ചേർക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. വാട്‌സ്ആപ്പ് യുപിഐ ലൈറ്റ് പരീക്ഷിക്കുകയാണെന്നും ചെറുതും ഇടയ്ക്കിടെയുള്ളതുമായ ഇടപാടുകൾ വേഗത്തിലും സൗകര്യപ്രദവുമാക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു സവിശേഷതയാണിതെന്നും വിവിധ റിപ്പോർട്ടുകൾ പറയുന്നു. ഈ നീക്കം വാട്‌സ്ആപ്പിനെ ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയ പേയ്‌മെന്‍റ് ആപ്പുകളുമായി മത്സരിക്കാൻ സഹായിക്കും. പ്രത്യേകിച്ച് ഡിജിറ്റൽ പേയ്‌മെന്‍റുകൾ വ്യാപകമായി ഉപയോഗിക്കുന്ന ഇന്ത്യ പോലുള്ള വിപണികളിൽ വാട്‌സ്ആപ്പിന് ഏറെ ഗുണം ചെയ്യും.
വാട്‌സ്ആപ്പ് v2.25.5.17 ബീറ്റ പതിപ്പിന്‍റെ പരിശോധനയിൽ അടുത്തിടെ യുപിഐ ലൈറ്റുമായി ബന്ധപ്പെട്ട കോഡുകളുടെ സ്ട്രിംഗുകൾ കണ്ടെത്തി. വാട്‌സ്ആപ്പ് ഈ ഫീച്ചർ സജീവമായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഈ സ്ട്രിംഗുകൾ സൂചിപ്പിക്കുന്നത്. ഇത് ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്. ബീറ്റ പതിപ്പിൽ മാത്രമേ ഈ ഫീച്ചർ ലഭ്യമാകൂ എന്നതിനാൽ, എല്ലാ ഉപയോക്താക്കൾക്കും ഇത് എപ്പോൾ ലഭ്യമാകുമെന്ന് വ്യക്തമല്ല.