തിരുവനന്തപുരം: തങ്ങളുടെ ബഹിരാകാശ നിലയമായ ടിയാൻഗോങ്ങിലേക്ക് ആദ്യമായി ഒരു വിദേശ ബഹിരാകാശ പര്യവേഷകനെ സ്വീകരിക്കാനൊരുങ്ങി ചൈന. അടുത്ത സുഹൃദ്‌രാജ്യമായ പാക്കിസ്ഥാനിൽ നിന്നുള്ള ബഹിരാകാശ സഞ്ചാരിയെ ടിയാൻഗോങ്ങിലേക്ക് സ്വീകരിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് ഇരു രാജ്യങ്ങളും കരാർ ഒപ്പിട്ടു. ഇതിനായി പാക്കിസ്ഥാനിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെടുന്ന ബഹിരാകാശ പര്യവേഷകരെ ചൈന പരിശീലിപ്പിക്കും.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് രാജ്യത്തെ ഒഴിവാക്കിയതിന് ശേഷമാണ് ചൈന ടിയാൻഗോങ് നിർമ്മിച്ചത്. ചൈനയിലെ ഔദ്യോഗിക സേന- പീപ്പിൾസ് ലിബറേഷൻ ആർമി- ബഹിരാകാശ പരിപാടിയിൽ പ്രവർത്തിക്കുന്നുവെന്ന ആശങ്കയെത്തുടർന്നാണ് ചൈനയെ പുറത്താക്കിയത്. 2030 ന് മുമ്പ് ബഹിരാകാശ യാത്രികരെ ചന്ദ്രനിൽ ഇറക്കാൻ ചൈന പദ്ധതിയിടുന്നുണ്ട്.