കാനഡയിലെ നാടുകടത്തൽ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ എന്ന് കണക്കുകൾ. കഴിഞ്ഞ വർഷമാണ് കാനഡ ഏറ്റവും കൂടുതൽ ആളുകളെ നാടുകടത്തിയത്.അഭയാർത്ഥി അപേക്ഷ നിരസിക്കപ്പെട്ട ആളുകളെയാണ് വൻതോതിൽ നാടുകടത്തിയതെന്ന് റോയിട്ടേഴ്‌സിന് ലഭിച്ച ഡാറ്റ വ്യക്തമാക്കുന്നു.
പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ നേതൃത്വത്തിലുള്ള ലിബറലുകൾ അധികാരത്തിൽ വന്ന 2015ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ് കാനഡയിലെ കുടിയേറ്റക്കാരുടെ എണ്ണം. ഈ വർഷം നാടുകടത്തലിനായി സർക്കാർ കൂടുതൽ പണം ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. അഭയാർത്ഥി അപേക്ഷകളുടെ എണ്ണം വർദ്ധിച്ചുവരുന്നതും കുടിയേറ്റം ഭവന ക്ഷാമം വർദ്ധിപ്പിക്കുന്നുവെന്ന ആശങ്കകൾ കാരണം കുടിയേറ്റക്കാർക്കെതിരായ വികാരം ശക്തമാകുന്നതും കണക്കിലെടുത്താണ് ഇത്. കുടിയേറ്റ വിഷയത്തിൽ തങ്ങൾ കർശനമായ നടപടി സ്വീകരിക്കുന്നുവെന്ന് കനേഡിയൻമാരെ ബോധ്യപ്പെടുത്താനുള്ള ട്രൂഡോ സർക്കാരിൻ്റെ അവസാന ശ്രമങ്ങളുടെ ഭാഗമായി കൂടിയാണ് പുതിയ നടപടികൾ. 2020 മുതൽ അഭയത്തിനായി അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ ഉണ്ടായ ഗണ്യമായ വർദ്ധനവും നാടുകടത്തലിലെ വർദ്ധനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കാനഡയുടെ അതിർത്തി ഏജൻസി വ്യക്തമാക്കി