കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഉല്പന്നങ്ങൾക്കുള്ള താരിഫുകൾ അടുത്തയാഴ്ച നിലവിൽ വരുമെന്ന് ഡോണൾഡ് ട്രംപ്

By: 600110 On: Feb 28, 2025, 3:38 PM

കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഉല്പന്നങ്ങൾ ഏർപ്പെടുത്തുന്ന താരിഫുകൾ അടുത്തയാഴ്ച തന്നെ നിലവിൽ വരുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. മാർച്ച് നാല് മുതൽ ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനം അധിക താരിഫ് ഈടാക്കുമെന്നും ട്രംപ് വ്യാഴാഴ്ച  തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു. ഈ താരിഫുകൾ ഇരു രാജ്യങ്ങളിൽ നിന്നും യുഎസിലേക്കുള്ള ഫെൻ്റനൈലിൻ്റെയും കുടിയേറ്റക്കാരുടെയും ഒഴുക്കുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന  വാദം ട്രംപ് ആവർത്തിച്ചു. 

കനേഡിയൻ ഫെഡറൽ ഡാറ്റ പ്രകാരം, യു എസിലേക്ക് എത്തുന്ന ഫെൻ്റനൈലിൻ്റെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് കാനഡയിൽ നിന്നും എത്തുന്നത്. ജനുവരിയിൽ കാനഡ-യുഎസ് അതിർത്തിയിൽ പിടിച്ചെടുത്ത ഫെൻ്റനൈലിൻ്റെ അളവ് 2023 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി എന്നാണ് യു എസ് കസ്റ്റംസ് ആൻ്റ് ബോർഡർ പ്രൊട്ടക്ഷൻ ഏജൻസിയുടെ കണക്കുകളും സൂചിപ്പിക്കുന്ന. 14 ഗ്രാമിൽ താഴെ മാത്രമാണ് ജനുവരിയിൽ പിടിച്ചെടുത്തത്. കഴിഞ്ഞ സാമ്പത്തിക വർഷം കാനഡയിൽ നിന്ന് 19 കിലോഗ്രാമിലധികം ഫെൻ്റനൈൽ പിടികൂടിയിരുന്നു. വിദേശരാജ്യങ്ങൾക്കും സന്നദ്ധസംഘടനകൾക്കും സാമ്പത്തികസഹായം നൽകുന്ന യുഎസ് ഏജൻസി ഫോർ ഇന്റർനാഷനൽ  ഡവലപ്മെൻ്റിൻ്റെ (യുഎസ്എഐഡി) 90 ശതമാനം വിദേശ കരാറുകളും റദ്ദാക്കുമെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കി. ലോകമെമ്പാടും യുഎസ് നൽകുന്ന 6000 കോടി ഡോളറിൻ്റെ സഹായമാണ് ഇതോടെ ഇല്ലാതാവുക