വാഹനമിടിച്ച് കോമയിലായ ഇന്ത്യൻ വിദ്യാർത്ഥിയുടെ കുടുംബത്തിന് അമേരിക്കയിലേക്ക് പോകാൻ അടിയന്തര വിസ ലഭിച്ചു

By: 600110 On: Feb 28, 2025, 3:17 PM

അമേരിക്കയിൽ വാഹനമിടിച്ച് കോമയിലായ ഇന്ത്യൻ വിദ്യാർത്ഥി നീലം ഷിൻഡെയുടെ കുടുംബത്തിന് അമേരിക്കയിലേക്ക്  പോകാൻ അടിയന്തര വിസ ലഭിച്ചു. നീലം ഷിൻഡെയുടെ കുടുംബത്തിന് വിസ നൽകണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അമേരിക്കയോട് അഭ്യർഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യു.എസ് സർക്കാർ വിസ അനുവദിച്ചത്.  

നീലത്തിന്റെ പിതാവിനും സഹോദരനുമാണ് യുഎസിലേക്ക് പോകാൻ വിസ അനുവദിച്ചത്. കോമയിൽ കഴിയുന്ന നീലം ഷിൻഡെ ​ഗുരുതരമായ പരിക്കുകളോടെ  ആശുപത്രിയിൽ ചികിത്സയിലാണ്. തലയ്‌ക്കും കൈകാലുകൾക്കും നെഞ്ചിനും ഏറ്റ  സാരമായ പരിക്കാണ് ഗുരുതരാവസ്ഥയ്ക്ക് കാരണം. അടിയന്തര ശസ്ത്രക്രിയക്ക് ശേഷവും നീലത്തിൻ്റെ നില മാറ്റമില്ലാതെ തുടരുകയാണ്. അതേസമയം, വാഹനമോടിച്ചിരുന്ന 58 വയസുകാരൻ ലോറൻസ് ഗാലോയെ സ്കാരമെന്റോ  പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 14ന് കലിഫോർണിയയിൽ വച്ചാണ് വാഹനമിടിച്ച് നീലം അപകടത്തിൽപ്പെടുന്നത്