സ്ഥലംമാറ്റവും പിരിച്ചുവിടലും അടക്കം ആൽബെർട്ട ഹെൽത്ത് സർവീസസുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ തുടരുന്നു. ആൽബെർട്ട ഹെൽത്ത് സർവീസസിലെ മറ്റൊരു ഉന്നത ഉദ്യോഗസ്ഥനെക്കൂടി പുറത്താക്കി. എഎച്ച്എസിന്റെ ചീഫ് ഇൻഫർമേഷൻ ഓഫീസർ പെന്നി റേയെ ആണ് പിരിച്ചുവിട്ടത്. ഒപ്പം നൂറുകണക്കിന് ജീവനക്കാരെ പ്രവിശ്യയിലെ പുതിയ അക്യൂട്ട് കെയർ ഏജൻസിയിലേക്കും മാറ്റിയിട്ടുണ്ട്.
കരാറുകൾ നൽകുന്നതുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെ തുടർന്ന് സർക്കാർ നടത്തുന്ന സമഗ്രമായ നവീകരണത്തിൻ്റെ ഭാഗമായാണ് പുതിയ മാറ്റങ്ങൾ. ആൽബെർട്ട ഹെൽത്ത് സർവീസസിലെ 425 ജീവനക്കാരെ ഏപ്രിൽ ഒന്ന് മുതൽ അക്യൂട്ട് കെയർ ആൽബെർട്ടയിലേക്ക് മാറ്റുമെന്ന് അറിയിച്ചു കഴിഞ്ഞു. സർജിക്കൽ കെയർ,പേഷ്യൻ്റ് സേഫ്റ്റി തുടങ്ങിയ വിഭാഗങ്ങളിലുള്ളവർക്കാണ് സ്ഥലം മാറ്റങ്ങളുള്ളത്. പിരിച്ചു വിടപ്പെട്ട ചീഫ് ഇൻഫർമേഷൻ ഓഫീസർ പെന്നി റേ പത്ത് വർഷത്തോളമായി എഎച്ച്എസിൽ ഉന്നത തസ്കികയിൽ ജോലി ചെയ്തിരുന്നയാളാണ്. റേയെ പിരിച്ചുവിട്ടതിനെക്കുറിച്ച് ആരോഗ്യ മന്ത്രി അഡ്രിയാന ലാഗ്രാഞ്ചിനോട് ചോദിച്ചപ്പോൾ പുനസംഘടനയുടെ ഭാഗമായാണ് ഇത്തരം മാറ്റങ്ങൾ എന്നായിരുന്നു പ്രതികരണം.