5.2 ബില്യണ്‍ ഡോളര്‍ കമ്മി ബജറ്റ് അവതരിപ്പിച്ച് ആല്‍ബെര്‍ട്ട; സമ്പദ്‌വ്യവസ്ഥ വീണ്ടും പ്രതിസന്ധിയിലേക്ക് 

By: 600002 On: Feb 28, 2025, 1:58 PM



 


അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണികള്‍ക്കിടയില്‍ ഈ വര്‍ഷത്തെ പ്രവിശ്യാ ബജറ്റ് ആല്‍ബെര്‍ട്ട ധനമന്ത്രി നേറ്റ് ഹോര്‍ണര്‍ അവതരിപ്പിച്ചു. ഈ സാമ്പത്തിക വര്‍ഷം മൊത്തം 79 ബില്യണ്‍ ഡോളറിന്റെ ചെലവോടെ 5.2 ബില്യണ്‍ ഡോളറിന്റെ കമ്മി ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ പ്രവിശ്യയുടെ സമ്പദ്‌വ്യവസ്ഥ വീണ്ടും പ്രതിസന്ധിയിലേക്ക് പോകുന്നതിന്റെ സൂചനയാണ് കാണുന്നത്. 

എണ്ണ വിലയില്‍ പ്രതീക്ഷിക്കുന്ന ഇടിവ്, യുഎസ് താരിഫുകള്‍ സമ്പദ്‌വ്യവസ്ഥ്യ തകര്‍ക്കുന്ന സാഹചര്യത്തില്‍ പണം സ്വരൂപിക്കേണ്ടതിന്റെ ആവശ്യകത, ഒരു ബില്യണ്‍ ഡോളറിലധികം ആല്‍ബെര്‍ട്ടയിലെ ജനങ്ങള്‍ക്ക് വ്യക്തിഗത ആദായനികുതിയില്‍ വരുത്തേണ്ട ഇളവ് എന്നീ കാര്യങ്ങളാണ് പ്രതിസന്ധിയിലേക്ക് നയിക്കുന്ന കാരണങ്ങളെന്ന് മന്ത്രി പറയുന്നു. യുണൈറ്റഡ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രീമിയര്‍ ഡാനിയേല്‍ സ്മിത്തിന്റെ കീഴിലുള്ള ആദ്യത്തെ കമ്മി ബജറ്റും കോവിഡ്-10 കാലഘട്ടത്തിലെ ബജറ്റിന് ശേഷമുള്ള ആദ്യ കമ്മിബജറ്റുമാണിത്. 2027 ലെ പ്രവിശ്യാ തെരഞ്ഞെടുപ്പ് വരെ മള്‍ട്ടി-ബില്യണ്‍ ഡോളറിന്റെ കമ്മി നിലനില്‍ക്കുമെന്നും പ്രവിശ്യ പ്രവചിക്കുന്നു. 

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദീര്‍ഘകാലത്തേക്ക് 25 ശതമാനം താരിഫ് കൊണ്ടുവരികയാണെങ്കില്‍ കമ്മി 9 ബില്യണ്‍ ഡോളറിലേക്ക് അടുക്കുമെന്നാണ് പ്രവിശ്യ പ്രതീക്ഷിക്കുന്നത്. താരിഫുകള്‍ ഇല്ലെങ്കില്‍ കമ്മി അതിന്റെ മൂന്നിലൊന്ന് ഏകദേശം 3 ബില്യണ്‍ ഡോളറായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.