43 കോടി രൂപയെടുക്കാനുണ്ടോ? ആര്‍ക്കും അമേരിക്കൻ പൗരത്വം നൽകാമെന്ന് ട്രംപ്!

By: 600007 On: Feb 28, 2025, 12:38 PM

 

 

ലോകമെമ്പാടുമുള്ള ജനങ്ങൾ ഒരു പോലെ ഉറ്റു നോക്കുന്ന ഒരു രാജ്യമാണ് അമേരിക്ക. അമേരിക്കയുടെ പോളിസികളും ട്രംപിന്റെ പ്രഖ്യാപനങ്ങളുമെല്ലാം ഇത്തരത്തിൽ വലിയ ആ​ഗോള ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. ഇതു കൂടാതെ രാജ്യാന്തര വിപണികളിലും  വാണിജ്യ നിയമങ്ങളിൽ മാറ്റം വരുത്തുന്നതിലും ഒരു സുപ്രധാന പങ്ക് യുഎസിനുണ്ട്. ഇത്തരത്തിൽ ലോകത്തെയാകെ ഞെട്ടിച്ച ട്രംപിന്റെ മറ്റൊരു പ്രഖ്യാപനമായിരുന്നു ​ഗോൾഡ് കാർഡുകൾ. 

എന്താണ് ​ഗോൾഡ് കാർഡ് ? 

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ‍് ട്രംപിന്റെ ഏറ്റവുമടുത്ത പ്രധാന പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു ​ഗോൾഡ് കാർഡ്. സമ്പന്നരായ വിദേശ പൗരന്മാര്‍ക്ക് എളുപ്പത്തിൽ അമേരിക്കന്‍ പൗരത്വം നല്‍കാനായി കൊണ്ടുവന്ന ഒരു പൗരത്വ പദ്ധതിയാണിത് 5 മില്യൺ ഡോളർ നിക്ഷേപിക്കാൻ തയ്യാറുള്ള സമ്പന്നരായ വിദേശ നിക്ഷേപകരെ ആകർഷിക്കാനാണ് ട്രംപ് 'ഗോൾഡ് കാർഡ്' പ​ദ്ധതി കൊണ്ടുവന്നത്. ഇന്ത്യൻ റുപ്പിയിൽ കണക്കാക്കുമ്പോൾ 43 കോടിയോളം രൂപയാണ് ഇതിനായി വേണ്ടി വരുന്നത്. ഇങ്ങനെ വാങ്ങിയ ഗോള്‍ഡ് കാര്‍ഡ് പതിയെ ഗ്രീൻ കാർഡ് റെസിഡൻസി സ്റ്റാറ്റസും അമേരിക്കൻ പൗരത്വവും നല്‍കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു. സമ്പന്നരായ ആളുകളെ കൂടുതല്‍ രാജ്യത്തേക്ക് ആകര്‍ഷിക്കാനാണ്  ഇതിലൂടെ ലക്ഷ്യമിടുന്നത്. 

നിലവിലുള്ള ഇബി-5 ഇമിഗ്രൻ്റ് ഇൻവെസ്റ്റർ വിസയ്ക്ക് പകരമായാണ് ഗോള്‍ഡ് കാര്‍ഡ് അവതരിപ്പിക്കുന്നതെന്നാണ് ട്രംപ് മാധ്യമ പ്രവർത്തകരോട് പറഞ്ഞത്. ഇബി-5 വിസയ്ക്ക് 7 കോടി രൂപയോളം ചെലവഴിച്ചിരുന്ന സ്ഥാനത്ത് ഒറ്റയടിക്ക് 43 കോടി രൂപയാക്കി ഉയർത്തിയിരിക്കുകയാണ് ട്രംപ്. ഇതോടെ ​ഇപ്പോൾ ​ഗ്രീൻ കാർഡിനായി കാത്തിരിക്കുന്ന ഇന്ത്യക്കാരടക്കമുള്ളവർ ആശങ്കയിലാണ്. അതേ സമയം ഇബി-5 വിസയിൽ ​ഗ്രീൻ കാർഡ് നേടുന്നതു വരെയുള്ള കാത്തിരിപ്പിനെയും നൂലാമാലകളെയും അപേക്ഷിച്ച് എളുപ്പത്തിൽ പൗരത്വം നേടാമെന്നതാണ് ​ഗോൾഡ് കാർഡുകളുടെ ഏറ്റവും വലിയ പ്രത്യേകത.