രാഷ്ട്രീയ മേഖലയെ ഞെട്ടിച്ച് രണ്ട് അറ്റ്‌ലാന്റിക് പ്രീമിയര്‍മാരുടെ രാജി പ്രഖ്യാപനം 

By: 600002 On: Feb 28, 2025, 11:09 AM

 

 

രണ്ട് അറ്റ്‌ലാന്റിക് പ്രീമിയര്‍മാരുടെ പെട്ടെന്നുള്ള രാജി പ്രഖ്യാപനം രാഷ്ട്രീയ വിദഗ്ധര്‍ അടക്കമുള്ള രാഷ്ട്രീയ മേഖലയിലുള്ളവരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. പ്രീമിയര്‍മാര്‍ രാജി വെച്ചുവെന്ന് വിശ്വസിക്കാനാകില്ലെന്നാണ് പലരും പറയുന്നത്. ലിബറലുകള്‍ പുതിയ നേതാവിനെ തെരഞ്ഞെടുത്താലുടന്‍ ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാബ്രഡോറിന്റെ പ്രീമിയര്‍ സ്ഥാനം ഒഴിയുമെന്ന് ആന്‍ഡ്രൂ ഫ്യൂറി പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡിന്റെ പ്രീമിയര്‍ സ്ഥാനം ഡെന്നിസ് കിംഗ് രാജിവെച്ചു. ഫ്യൂറിയുടെ രാജി തികച്ചും ഞെട്ടലുണ്ടാക്കിയതായി അക്കാഡിയ യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസര്‍ അലക്‌സ് മാര്‍ലാന്‍ഡ് പ്രതികരിച്ചു. 

രാജ്യം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപില്‍ നിന്നുള്ള താരിഫ് ഭീഷണികള്‍ നേരിടുന്ന സാഹചര്യത്തിലും കാനഡയെ 51 ആം സംസ്ഥാനമാക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതിന്റെ സാഹചര്യത്തിലും രണ്ട് പ്രീമിയര്‍മാരുടെയും രാജി ഞെട്ടലുണ്ടാക്കിയെന്ന് വില്‍ഫ്രിഡ് ലോറിയര്‍ യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസര്‍ ജോര്‍ഗ് ബ്രോഷെക് പറഞ്ഞു. രാജി പ്രഖ്യാപനത്തിന് പിന്നാലെ രണ്ട് അറ്റ്‌ലാന്റിക് പ്രവിശ്യകളും ഫെഡറല്‍ ലിബറല്‍ പാര്‍ട്ടിയും പുതിയ നേതാക്കളെ തേടുകയാണെന്നും അദ്ദേഹം പറഞ്ഞു. 

പ്രോഗ്രസീവ് കണ്‍സര്‍വേറ്റീവ് നേതാവായ കിംഗ് ആറ് വര്‍ഷത്തെ ഭരണത്തിന് ശേഷമാണ് സ്ഥാനമൊഴിയുന്നത്. വിദ്യാഭ്യാസമന്ത്രി റോബ് ലാന്റ്‌സിനെ താല്‍ക്കാലിക പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്ത് വെള്ളിയാഴ്ച പ്രീമിയറായി സത്യപ്രതിജ്ഞ ചെയ്തു. പാര്‍ട്ടിയുടെ സ്ഥിരം നേതാവായി മത്സരിക്കാന്‍ തനിക്ക് ഉദ്ദേശ്യമില്ലെന്ന് ലാന്റ്‌സ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ലിബറലായ ഫ്യൂറി ഏകദേശം അഞ്ച് വര്‍ഷത്തിന് ശേഷമാണ് രാജി പ്രഖ്യാപിച്ചത്.

അതേസമയം, ഇരുവരുടെയും ഭരണത്തില്‍ പ്രവിശ്യകളിലെ ജനങ്ങള്‍ തൃപ്തരാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നരേറ്റീവ് റിസര്‍ച്ച് പോളുകളില്‍ പറയുന്നത് 59 ശതമാനം ദ്വീപ്‌നിവാസികളും കിംഗ് സര്‍ക്കാരില്‍ തൃപ്തരാണെന്നാണ്. ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാബ്രഡോറിലെ 56 ശതമാനം പേരും ഫ്യൂറിയുടെ നേതൃത്വത്തില്‍ തൃപ്തി അറിയിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. താരിഫ് ഭീഷണി, മറ്റ് ആഭ്യന്തര പ്രശ്‌നങ്ങള്‍, വിഷയങ്ങള്‍, സംഭവങ്ങള്‍ എന്നിവയെല്ലാം പ്രീമിയര്‍മാര്‍ക്ക് അധിക സമ്മര്‍ദ്ദം സൃഷ്ടിച്ചതായി രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. വര്‍ധിച്ചുവരുന്ന ധ്രുവീകരിക്കപ്പെട്ട സമൂഹങ്ങള്‍, പൊതുജനങ്ങള്‍, പ്രതിപക്ഷ പാര്‍ട്ടികള്‍ എന്നിവരില്‍ നിന്നും പ്രീമിയര്‍മാര്‍ നിരന്തരമായി ആക്രമണങ്ങള്‍ നേരിടുന്നുണ്ടെന്ന് മാര്‍ലാന്‍ഡ് പറയുന്നു.