സമ്മര്‍സീസണില്‍ ആല്‍ബെര്‍ട്ടയിലെ കനനാസ്‌കിസില്‍ G7 ഉച്ചകോടി നടക്കുമ്പോള്‍ റോക്കി പര്‍വ്വതനിരകളോട് ചേര്‍ന്ന് താമസിക്കുന്ന 3,400 ആളുകളെ സുരക്ഷിതമാക്കാനുള്ള മാര്‍ഗങ്ങള്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് പോലീസ് സേന. 70 ഓളം ഒഫിഷ്യല്‍ ഗസ്റ്റുകളും 2000 പ്രതിനിധികളും 1,400 ഓളം മാധ്യമപ്രവര്‍ത്തകരും കാല്‍ഗറിയിലും കനനാസ്‌കിസിലുമായി ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തുമെന്ന് കരുതുന്നതായി കാല്‍ഗറി പോലീസ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. വലിയ സുരക്ഷ ഒരുക്കേണ്ട പരിപാടിയാണിതെന്നും അപകടസാധ്യതകള്‍ തിരിച്ചറിഞ്ഞ് സുരക്ഷാവീഴ്ചകളില്ലാതെ പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്നും കാല്‍ഗറി പോലീസ് സര്‍വീസ് സൂപ്രണ്ട് ജോ ബ്രാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജൂണ്‍ 15 മുതല്‍ 17 വരെയാണ് ഉച്ചകോടി നടക്കുന്നത്.
എഡ്മന്റണ്‍, വിന്നിപെഗ്, വാന്‍കുവര്‍ എന്നിവടങ്ങളില്‍ നിന്നുള്ള സേനകളുടെ ഉള്‍പ്പെടെ കാനഡയിലുടനീളമുള്ള സുരക്ഷാ ശ്രമങ്ങളെ കാല്‍ഗറി പോലീസ് പിന്തുണയ്ക്കുമെന്നും പോലീസ് സേന അറിയിച്ചു. കനനാസ്‌കിസിന്റെ വലിയൊരു ഭാഗം, ട്രയലുകള്‍, ഡേ-യൂസ് എരിയ എന്നിവ ഉള്‍പ്പെടെ ഉച്ചകോടി നടക്കുന്ന ദിവസങ്ങളില്‍ അടച്ചിടുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഡ്രോണുകള്‍ പോലുള്ള ആധുനിക സുരക്ഷാ ഭീഷണികള്‍ക്കെതിരെ സേന ജാഗ്രത പാലിക്കുമെന്നും ആര്‍സിഎംപി അറിയിച്ചു. കനനാസ്‌കിസിന് ചുറ്റും 30 നോട്ടിക്കല്‍ മൈല്‍ നോ-ഫ്‌ളൈ-സോണ്‍ നടപ്പിലാക്കുമെന്നും കാല്‍ഗറി അന്താരാഷ്ട്ര വിമാനത്താവളത്തിന് ചുറ്റും താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുമെന്നും ആര്‍സിഎംപി അറിയിച്ചു.