നീണ്ട ശൈത്യകാലത്തിന് ശേഷം ചൂടുള്ള കാലാവസ്ഥ അനുഭവിക്കാന്‍ തുടങ്ങുകയാണ്. എഡ്മന്റണില്‍ 10 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തിയത്. സ്പ്രിംഗ് സീസണില്‍ മഞ്ഞുരുകാന്‍ തുടങ്ങുന്നതിനാല്‍ വഴുതി വീണ് അപകടങ്ങള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഐസില്‍ തെന്നിവീണ് പരുക്കേറ്റ് അടിയന്തര ചികിത്സയ്ക്കായി എമര്‍ജന്‍സി റൂമില്‍ 389 പേര്‍ ഇതുവരെ എത്തിയെന്നാണ് ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫെബ്രുവരി 2 മുതല്‍ 24 വരെയുള്ള കണക്കാണിത്.
മഞ്ഞുരുകുന്ന കാലയളവില്‍ നഗരത്തില്‍ പലയിടങ്ങളിലും വഴുക്കലും വീഴ്ചകളും സാധാരണമാണ്. എങ്കിലും ഐസിലൂടെ നടക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ പറയുന്നു. വീടുകളുടെ സമീപത്ത് സൈഡ് വാക്കുകളിലുള്ള ഐസ് നീക്കം ചെയ്യാന്‍ സിറ്റി നിര്‍ദ്ദേശിക്കുന്നു. നിര്‍ദ്ദേശം പാലിക്കാത്തവര്‍ക്ക് ബൈലോ പ്രകാരം 100 ഡോളര്‍ പിഴ ചുമത്തും. മറ്റാര്‍ക്കെങ്കിലും വീടിന് സമീപത്തുവെച്ചാണ് വഴുതിവീണ് പരുക്കേല്‍ക്കുന്നതെങ്കില്‍ വീട്ടുടമസ്ഥര്‍ ഉത്തരവാദികളായിരിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.