ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ കനേഡിയന്‍ പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നരലക്ഷത്തിലധികം പേര്‍ ഒപ്പിട്ട ഹര്‍ജി കനേഡിയന്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. ഇതിനെതിരെ മസ്‌കും രംഗത്തെത്തിയിട്ടുണ്ട്. കാനഡ യഥാര്‍ത്ഥ രാജ്യമല്ല എന്ന വിമര്‍ശനത്തോടെയുള്ള പോസ്റ്റാണ് മസ്‌ക് എക്‌സില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ പിന്നീട് ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
എന്നാല്‍ ഇപ്പോള്‍ മസ്‌കിന്റെ പഴയ ഒരു പോസ്റ്റ് കുത്തിപ്പൊക്കിയിരിക്കുകയാണ് വിമര്‍ശകര്‍. അന്താരാഷ്ട്ര തലത്തില്‍ ശതകോടീശ്വരനും അമേരിക്കയുടെ ഡോജ് എന്ന വകുപ്പിന്റെ തലവനുമായി മാറുന്നതിന് മുമ്പ് മസ്‌ക് കാനഡയില്‍ മരംവെട്ട് തൊഴിലാളിയായി ജോലി നോക്കിയിരുന്നുവെന്ന് പറയുന്നു. മസ്‌കിന്റെ പഴയ ഒരു പോസ്റ്റില്‍ പതിനേഴാമത്തെ വയസ്സില്‍ കസിന്റെ ഫാമില്‍ മരംവെട്ടായിരുന്നു തനിക്ക് ജോലിയെന്ന് പറഞ്ഞ് ചിത്രം പോസ്റ്റ് ചെയ്തിരുന്നു. 2017 മെയ്യിലാണ് അന്നത്തെ ട്വിറ്ററില്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. യഥാര്‍ത്ഥ രാജ്യമല്ലാത്ത കാനഡയില്‍ മസ്‌ക് ജോലി ചെയ്തിരുന്നുവെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.
Elon Musk: Tesla, SpaceX, and the Quest for a Fantastic Future എന്ന പുസ്തകത്തില്‍ മസ്‌കിന്റെ കാനഡയിലെ ജീവിതത്തെക്കുറിച്ച് പറയുന്നുണ്ട്്. ദക്ഷിണാഫ്രിക്കയില്‍ ജനിച്ച മസ്‌ക് 17 ആം വയസ്സില്‍ കാനഡയിലേക്ക് താമസം മാറി. സസ്‌ക്കാച്ചെവനില്‍ വാള്‍ഡെക്കിലുള്ള തന്റെ കസിന്റെ ഫാമില്‍ താമസിക്കുകയും അവിടെ മരംവെട്ട് തൊഴിലാളിയായി ജോലി നോക്കുകയും ചെയ്തു. മസ്‌കിന്റെ അമ്മ മെയ് മസ്‌ക് ജനിച്ചത് റെജീനയിലാണ്. അതിനാലാണ് അദ്ദേഹത്തിന് കനേഡിയന്‍ പൗരത്വം ലഭിച്ചത്. എന്നാല്‍ കൗമാരക്കാലത്ത് ജീവിച്ചിരുന്ന രാജ്യത്തെ തുടര്‍ച്ചയായി അധിക്ഷേപിക്കുകയും കാനഡയെ അമേരിക്കയുടെ 51 ആം സ്ഥാനമാക്കി മാറ്റുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഡൊണാള്‍ഡ് ട്രംപുമായി മസ്‌കിനുള്ള ബന്ധം ചൂണ്ടിക്കാട്ടിയാണ് പൗരത്വം റദ്ദാക്കണമെന്ന ആവശ്യവുമായി കനേഡിയന്‍ പൗരന്മാര്‍ രംഗത്തെത്തിയത്.