വാഷിംഗ്‌ടണ്‍: ചൈനീസ് ഷോര്‍ട് വീഡിയോ ആപ്പായ ടിക്‌ടോക്കിന് പണി കൊടുക്കാന്‍ പുത്തന്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കാന്‍ മെറ്റയുടെ ഇന്‍സ്റ്റഗ്രാം തയ്യാറെടുക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. റീല്‍സിനായി പ്രത്യേക ആപ്പ് ഇന്‍സ്റ്റ ഉടന്‍ പുറത്തിറക്കുമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആദ്യം യുഎസിലാണ് ഈ ആപ്പ് അവതരിപ്പിക്കുകയെങ്കിലും വൈകാതെ ആഗോള തലത്തിലും പ്രതീക്ഷിക്കാം.
യുഎസില്‍ ഇന്‍സ്റ്റഗ്രാമും ടിക്‌ടോക്കും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണ് മെറ്റ പുതിയ ആപ്പിനെ കുറിച്ചാലോചിക്കുന്നത്. റീല്‍സുകള്‍ക്കായി പ്രത്യേക ആപ്പ് പുറത്തിറക്കാനാണ് ഇന്‍സ്റ്റ ശ്രമിക്കുന്നതെന്ന് വിവിധ അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിക്കാന്‍ മെറ്റ ഇതുവരെ തയ്യാറായിട്ടില്ല. എങ്കിലും പുതിയ ആപ്പിന്‍റെ ലോഞ്ച് ഇന്‍സ്റ്റഗ്രാം തലവന്‍ ആദം മൊസ്സേരി ജീവനക്കാരെ അറിയിച്ചതായാണ് സൂചന. ടിക്ടോക്കുമായി മത്സരിക്കാന്‍ 2018ല്‍ മെറ്റ ലസ്സോ എന്നൊരു ആപ്ലിക്കേഷന്‍ പുറത്തിറക്കിയെങ്കിലും പിന്നീടത് നിര്‍ത്തലാക്കിയിരുന്നു.
അമേരിക്കയില്‍ ചൈനീസ് ഷോര്‍ട് വീഡിയോ ആപ്പായ ടിക്‌ടോപ്പിന്‍റെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തില്‍ തുടരുന്നതിനിടെയാണ് മെറ്റയുടെ പുതിയ നീക്കം. പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് അധികാരത്തില്‍ എത്തിയതിന് പിന്നാലെ ടിക്‌ടോക്കിന്‍റെ വിലക്ക് 75 ദിവസത്തേക്ക് മരവിപ്പിച്ചിരുന്നു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജോ ബൈഡന്‍ ഭരണകൂടമാണ് ടിക്ടോക്കിനെ അമേരിക്കയില്‍ വിലക്കാന്‍ തീരുമാനമെടുത്തത്. വിലക്ക് സുപ്രീം കോടതി ശരിവെക്കുകയും ചെയ്തിരുന്നു.