കാനഡയ്ക്ക് ഇലോൺ മസ്കിൻ്റെ പൗരത്വം റദ്ദാക്കാൻ നിയമ തടസങ്ങൾ ഉണ്ടെന്ന് വിദഗ്ദ്ധർ

By: 600110 On: Feb 27, 2025, 4:09 PM

കാനഡയ്ക്ക് ഇലോൺ മസ്കിൻ്റെ പൗരത്വം റദ്ദാക്കാൻ നിയമ തടസങ്ങൾ ഉണ്ടെന്ന് വിദഗ്ദ്ധർ. ഇലോൺ മസ്കിന്റെ കാനേഡിയൻ പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടര ലക്ഷത്തിലധികം പേർ ഒപ്പിട്ട ഹർജി പാർലമെൻറിൽ സമർപ്പിച്ചു കഴിഞ്ഞു. കാനഡയുടെ ദേശീയ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി മസ്ക് പ്രവർത്തിച്ചുവെന്നാണ് ഹർജിയിലെ ആരോപണം. ഈ സാഹചര്യത്തിലാണ് മസ്കിൻ്റെ പൗരത്വം റദ്ദാക്കുന്നതിൽ  വിദഗ്ദ്ധർ ചില നിയമ തടസങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

കനേഡിയൻ ഫെഡറൽ നിയമപ്രകാരം, ഇമിഗ്രേഷൻ അപേക്ഷകളിൽ തെറ്റായ വിവരങ്ങൾ നൽകുകയോ വഞ്ചന നടത്തുകയോ  അല്ലെങ്കിൽ കാനഡയ്‌ക്കെതിരെ ഒരു വിദേശ സൈന്യത്തിൽ സേവനമനുഷ്ഠിക്കുകയോ ചെയ്താലാണ് പൗരത്വം റദ്ദാക്കാൻ വ്യവസ്ഥകളുള്ളതെന്ന് ഇമിഗ്രേഷൻ അഭിഭാഷകയായ ഗബ്രിയേല റാമോ പറയുന്നു. ഇതിലേക്ക് നീങ്ങുന്നതിന് മുമ്പ്, പ്രമേയം അവതരിപ്പിക്കേണ്ടതുണ്ട്. നിലവിലെ പൗരത്വ നിയമത്തിൽ ഭേദഗതികൾ വരുത്തേണ്ടതുണ്ട് എന്നും കനേഡിയൻ ബാർ അസോസിയേഷനിലെ ഇമിഗ്രേഷൻ വിഭാഗത്തിന്റെ മുൻ ചെയർമാനായ റാമോ പറഞ്ഞു.കനേഡിയൻ പൗരത്വം റദ്ദാക്കപ്പെടുന്നത് "വളരെ അപൂർവമാണ്" എന്നും റാമോ കൂട്ടിച്ചേർത്തു.മസ്കിന്റെ പൗരത്വവുമായി ബന്ധപ്പെട്ട് എന്തെങ്കിലും നടപടി സ്വീകരിക്കുമെന്ന് കനേഡിയൻ സർക്കാർ ഇതുവരെ സൂചന നൽകിയിട്ടില്ല. ദക്ഷിണാഫ്രിക്കയിലാണ് ജനിച്ചതെങ്കിലും മസ്കിൻ്റെ മാതാവ് കാനഡക്കാരിയാണ്. ഇതിലൂടെയാണ് മസ്കിന് കനേഡിയൻ പൌരത്വം ലഭിച്ചത്.