കാനഡയ്‌ക്കെതിരായ ട്രംപിൻ്റെ താരിഫ് ഭീഷണികളിൽ നേരിയ ഇളവുകൾ ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്

By: 600110 On: Feb 27, 2025, 3:54 PM

 

കാനഡയ്‌ക്കെതിരായ ട്രംപിൻ്റെ താരിഫ് ഭീഷണികളിൽ നേരിയ ഇളവുകൾ ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. വൈറ്റ് ഹൗസ് വൃത്തങ്ങളാണ് താരിഫ് ഭീഷണികളിൽ ഇളവിന് സാധ്യതയുണ്ടെന്ന സൂചന നല്കിയത്. 

കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾക്ക് നികുതി ചുമത്തുമെന്ന് കഴിഞ്ഞ ദിവസം കൂടി ട്രംപ് ആവർത്തിച്ചിരുന്നു. എന്നാൽ അത് എപ്പോഴാണെന്ന കാര്യത്തിൽ വ്യക്തത നല്കിയിരുന്നില്ല. ചർച്ചകളിലൂടെ താരിഫ് ഭീഷണികളിൽ മാറ്റം വരാൻ  സാധ്യതയുണ്ടെന്നാണ് വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥർ അറിയിച്ചത്. താരിഫുകൾ നിർത്തുന്നില്ലന്നെയിരുന്നു  വൈറ്റ് ഹൗസിൽ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം  ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. എന്നാൽ അതിർത്തിയിൽ പുതിയ സുരക്ഷാ നടപടികൾ ഏർപ്പെടുത്താൻ കാനഡ സമ്മതിച്ചതിനെത്തുടർന്ന്, എല്ലാ കനേഡിയൻ ഇറക്കുമതികൾക്കും 25 ശതമാനം തീരുവയും ഊർജ്ജത്തിന് 10 ശതമാനം കുറഞ്ഞ ലെവിയും ഏർപ്പെടുത്താനുള്ള ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് മാർച്ച് 4 വരെ വൈകിപ്പിച്ചിരുന്നു. തുടർന്ന് തീരുവകൾ സംബന്ധിച്ച തീരുമാനം ഏപ്രിൽ രണ്ടിന് പ്രഖ്യാപിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ അതിന് തൊട്ടു പിറകെ വിശദീകരണവുമായി വ്യാപാര സെക്രട്ടറി ഹൊവാർഡ് ലുട്നിക് രംഗത്തെത്തി. ഫെൻ്റാനൈൽ അടക്കമുള്ള വിഷയങ്ങളിൽ അമേരിക്കയും കാനഡയും തമ്മിൽ നടക്കുന്ന ചർച്ചകളിൽ പുരോഗതി ഉണ്ടായാൽ തീരുവ സംബന്ധിച്ച തീരുമാനങ്ങളിൽ ഇളവുണ്ടായേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി